
തിരുവല്ല: മാലിന്യങ്ങള്‍ വഴിയരികിലും ജലസ്രോതസുകളിലും വലിച്ചെറിയുന്നത് നിരീക്ഷിക്കുവാന്‍ നഗരസഭ സ്ഥാപിച്ച കാമറകളുടെ നിരീക്ഷണം പ്രഹസനമെന്ന് ആക്ഷേപം. മാലിന്യമെറിയുന്ന ഭാഗത്തേക്ക് തിരിച്ചു വയ്ക്കേണ്ട കാമറ റോഡിലേക്ക് വച്ചിരിക്കുന്നതാണ് ആക്ഷേപത്തിന് കാരണം.
എം.സി റോഡില്‍ പന്നിക്കുഴി പാലത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറയാണ് പ്രഹസനമെന്ന് നാട്ടുകാര്‍ ആരോപിക്കാന്‍ കാരണം. 2022-23 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ വകയുരുത്തി ഏഴു സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്്. അതില്‍ മൂന്നാമത്തേതായിരുന്നു പന്നിക്കുഴി പാലം. രാമന് ചിറ ബൈപ്പാസ് റോഡ്, ചിലങ്ക ജങ്ഷന്, തൈമല റോഡില്‍ പക്ഷിമൃഗാശുപത്രിക്ക് സമീപം, മീന്തലക്കര അമ്പലം-കൊമ്പാടി റോഡ്, മഞ്ഞാടി ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം, തോട്ടാശേരി മഠം-തൈയില്ക്കുളം റോഡ്, മുത്തൂര്‍ കാവുംഭാഗം റോഡ്, ഇടിഞ്ഞില്ലം കാവുംഭാഗം റോഡ് എന്നിവയായിരുന്നു ശേഷിച്ച സ്ഥലങ്ങള്‍.
പന്നിക്കുഴി പാലത്തിലെ കാമറ തോട്ടിലേക്ക് തിരിച്ചു വേണം സ്ഥാപിക്കാനെന്നായിരുന്നു നഗരസഭാ കൗണ്‍സില്‍ അജണ്ടയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് എം.സി റോഡിലേക്ക് തിരിച്ചു വച്ചിരിക്കുകയാണ്. റോഡില്‍ കൂടി പോകുന്ന വാഹനങ്ങളുടെ ദൃശ്യം മാത്രം പകര്‍ത്തുവാന്‍ സാധിക്കുന്ന രീതിയില്‍ തോടിന് മറുപുറമായി സ്ഥാപിച്ച ക്യാമറ ആരെ സഹായിക്കാന്‍ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. തോടിന്റെ മറുകരയില്‍ റോഡിന് അഭിമുഖമായി സ്ഥാപിക്കേണ്ട കാമറയാണ് തോടിന് പുറം തിരിഞ്ഞ് റോഡില്‍ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ സ്ഥാപിച്ച കാമറ കൊണ്ട് നിലവില്‍ യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.