ഇത് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് ആന്റോ: പരാജയം അപ്രതീക്ഷിതം, വിലയിരുത്തല്‍ നടത്തുമെന്ന് ഐസക്ക്: ഒന്നും പറയാതെ അനില്‍ കെ. ആന്റണി

0 second read
Comments Off on ഇത് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് ആന്റോ: പരാജയം അപ്രതീക്ഷിതം, വിലയിരുത്തല്‍ നടത്തുമെന്ന് ഐസക്ക്: ഒന്നും പറയാതെ അനില്‍ കെ. ആന്റണി
0

പത്തനംതിട്ട: കഴിഞ്ഞ 15 വര്‍ഷവും ജനങ്ങള്‍ക്കൊപ്പം നിന്നതിനു ലഭിച്ച അംഗീകാരമായിട്ടാണ് നാലാമത്തെ തെരഞ്ഞെടുപ്പു വിജയം കാണുന്നതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ടി.എം. തോമസ് ഐസക്. ഒന്നും പറയാതെ നേരെ ഡല്‍ഹിയിലേക്ക് തിരിച്ചു പറന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. ഇന്നലെ വോട്ടെണ്ണലിന് ശേഷമാണ് ആന്റോയും തോമസ് ഐസക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

മണ്ഡലത്തിലെ വിവിധ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയെന്ന് ആന്റോ ആന്റണി അവകാശപ്പെട്ടു. എം.പി ഒന്നും ചെയ്തില്ലെന്ന എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങള്‍ വോട്ടര്‍മാര്‍ മുഖവിലയ്‌ക്കെടുത്തില്ല. നാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന ഒരാളെന്ന നിലയിലും അവരിലൊരാളായി വോട്ടര്‍മാര്‍ തന്നെ കണ്ടുവെന്നും ആന്റോ പറഞ്ഞു. തുടര്‍ന്നും ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ആഗ്രഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചിരുന്നു. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പായി തെരഞ്ഞെടുപ്പു ഫലം കാണാനാകുമെന്നും ആന്റോ പറഞ്ഞു.

2019 ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എല്‍.ഡി.എഫ്. എന്നാല്‍ തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെന്ന് തോമസ് ഐസക്ക് ഓര്‍മിപ്പിച്ചു. പത്തനംതിട്ടയില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യു.ഡി.എഫ് കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം കുറവായിരുന്നു.
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ര്ട അജണ്ടക്ക് ഏറ്റ നിര്‍ണായകമായ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വിഷലിപ്തമായ വര്‍ഗീയ ദുഷ്പ്രചാരണത്തെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള ഔദ്യോഗിക ഏജന്‍സികളുടെ ദുരുപയോഗത്തെയും നഗ്‌നമായ ഭീഷണികളെയും അതിജീവിച്ചു ഇന്ത്യയിലെ ജനങ്ങള്‍ വിധി എഴുതിയിരിക്കുകയാണ്. ബി.ജെ.പിയുടെ 400 സീറ്റ് ഒരു ദിവാസ്വപ്നമായി മാറി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല. എന്‍ഡിഎക്ക് ഭൂരിപക്ഷമുണ്ടാക്കാനാകുമോയെന്ന് കാത്തിരുന്നു കാണണം. സംഘപരിവാര്‍ അജയ്യമാണെന്ന ധാരണ പൊളിഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്ന ശക്തികളാണ്. യു.ഡി.എഫിനെ കേരളത്തില്‍ നിന്നും ജനങ്ങള്‍ മുഖ്യമായി തെരഞ്ഞെടുത്തു. ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു സീറ്റ് ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയര്‍ന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്.
എംപി ആയില്ലെങ്കിലും മൈഗ്രേഷന്‍ കോണ്‍ക്ലേവിലൂടെ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇവിടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തുടരും. തെരഞ്ഞെടുപ്പില്‍ ജയിച്ച ആന്റോ ആന്റണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും തനിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടു ചെയ്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഐസക് പറഞ്ഞു.

അതേ സമയം, ഏറെ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി മാധ്യമങ്ങളോട് പ്രതികരിക്കാതെ ഡല്‍ഹിക്ക് പറഞ്ഞു. 3.40 ലക്ഷം വോട്ട് താന്‍ നേടുമെന്നായിരുന്നു അനിലിന്റെ പ്രതീക്ഷ. അതിന് കാരണമായി പറഞ്ഞത് മോഡിയുടെ സന്ദര്‍ശനവും താന്‍ മുന്നോട്ടു വച്ച വികസന സങ്കല്‍പ്പവുമാണ്. എന്നാല്‍, കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍ ഉണ്ടാക്കിയ ഒരു ചലനം ആവര്‍ത്തിക്കാന്‍ അനിലിന് കഴിഞ്ഞില്ല. വോട്ടിങ് നില അറിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വിവാദത്തില്‍ കുടുങ്ങിയ ആളാണ് അനില്‍ കെ. ആന്റണി. പി.സി. ജോര്‍ജിനെയോ മകന്‍ ഷോണിനെയോ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി അനിലിന്റെ വരവ്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകന്‍ എന്ന നിലയിലാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയിലേക്ക് അയച്ചത്. കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍ ഇട്ട അടിത്തറ 2,97,396 വോട്ടായിരുന്നു. ഇതിനൊപ്പം ഒരു 30,000 വോട്ടു കൂടി നേടിയാല്‍ വിജയിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. പക്ഷേ, 2,34,406 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മറ്റ് രണ്ടു സ്ഥാനാര്‍ഥികളോടും വോട്ടര്‍മാര്‍ക്ക് വിമുഖതയുള്ളതിനാല്‍ അനില്‍ കെ. ആന്റണി വിജയിക്കുമെന്നും വോട്ട് വിഹിതം 32 ശതമാനമാകുമെന്നും പ്രീ പോള്‍ സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍പ്പോലും എന്‍.ഡി.എ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…