പന്തളം: കനത്ത മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടവരാന്തയിലേക്ക് പാഞ്ഞു കയറി. സുഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. കുരമ്പാല പാലാ മുരുപ്പേല്‍ പരേതനായ ചിന്നത്തമ്പിയുടെ മകന്‍ സി.രാജന്‍ (അയ്യപ്പന്‍ 40 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 ന് എം.സി റോഡില്‍ കുളനട മാന്തുക ജങ്ഷനില്‍ ആയിരുന്നു അപകടം. എ.സി മെക്കാനിക്ക് ആയ സുഹൃത്തിനോടൊപ്പം ജോലിക്ക് സഹായിക്കാന്‍ മാന്തുകയിലെ വീട്ടിലെത്തിയതായിരുന്നു. സുഹൃത്ത് പണം വാങ്ങുന്നതിനായി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ കടവരാന്തയില്‍ കാത്തു നിന്ന രാജനെ നേരെ കാറിടിച്ചു കയറുകയായിരുന്നു.
കൊട്ടാരക്കരയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കാര്‍ മഴയില്‍ നിയന്ത്രണം നഷ്ടമായിട്ടാണ് കടയിലേക്ക് പാഞ്ഞു കയറിയത്. രാജനെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചയായിരുന്നു മരണം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശിയായ രാജന്‍ വര്‍ഷങ്ങളായി പന്തളത്ത് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: കാവ്യ ശ്രീ, കൗശിക്ക് രാജ്.