
പത്തനംതിട്ട: തുടര്‍ച്ചയായ രണ്ടാം ദിവസവും പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ വാഹനാപകടം. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ ഇന്നോവയിടിച്ച് യുവാവ് മരിച്ചു. വടശേരിക്കര ബംഗ്ലാകടവ് ചെറിയ കൈതെലില്‍ പി.കെ.ശ്രീധരന്റെയും വത്സലയുടെയും മകന്‍ സി.എസ്. അരുണ്‍ കുമാര്‍ (45)ആണ് മരിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ സ്‌കൂട്ടര്‍ ഇടിച്ച് തവിടു പൊടിയാക്കിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞു. ഗുരുതരമായ പരുക്കേറ്റ അരുണ്‍ കുമാറും താഴേയ്ക്ക് തെറിച്ചു പോയി.
വൈകിട്ട് മൂന്നു മണിയോടെ മൈലപ്ര തയ്യില്‍പ്പടിയിലാണ് അപകടം. അരുണ്‍കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ഇന്നോവ കാറുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അരുണ്‍ തെറിച്ചു താഴ്ചയിലേക്ക് പതിച്ചു. ഇന്നോവയും താഴ്ചയിലേക്ക് മറിഞ്ഞു. ഇതിലുണ്ടായിരുന്ന രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും അടക്കം ആറു പേര്‍ക്ക് നിസാര പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ അരുണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുന്നിക്കോട് സ്വദേശികളായ തീര്‍ത്ഥാടകരാണ് ഇന്നോവാ കാറില്‍ ഉണ്ടായിരുന്നത്. ഇന്നോവയില്‍ സഞ്ചരിച്ചിരുന്നവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴിന് അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടിരുന്നു. മൈലപ്ര ശാന്തിനഗര്‍ വാലുപറമ്പില്‍ അംബി (55) ആണ് മരിച്ചത്. മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് ഇവിടെ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കുമ്പഴ വടക്ക് നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികില്‍ നിന്ന ചുമട്ടുതൊഴിലാളിയും മരണപ്പെട്ടിരുന്നു.