
പന്തളം: എം.സി റോഡില്‍ കുരമ്പാല അമൃത വിദ്യാലയത്തിന് മുന്നില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില വയോധികന്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്‍ (66) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പളളി സ്വദേശി അബി(32)യെ പരുക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നാലു പേര്‍ക്കും പരുക്കേറ്റു.
രാവിലെ ഏഴിനാണ് അപകടം നടന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് നീങ്ങുകയും പെട്ടെന്ന് വെട്ടിച്ചുമാറ്റിയപ്പോള്‍ ബസിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കാറിനുളളില്‍ കുടുങ്ങിയ യാത്രക്കാരെ അടൂരില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ജോസഫ് ഈപ്പന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.