
കോഴഞ്ചേരി: അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കാര്‍ മറ്റ് മൂന്ന് സ്‌കൂട്ടറുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പ്ലാങ്കമണ്‍ വെളളിയറ കൊച്ചേത്തറയില്‍ ഉണ്ണികൃഷ്ണ(45)നാണ് മരിച്ചത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് അയിരൂര്‍ പഞ്ചായത്തിലെ വാളംപടിക്കും പാലച്ചുവടിനും ഇടയിലായിരുന്നു സംഭവം. വാളംപടിക്ക് സമീപം വെച്ച് തടിയൂര്‍ പുത്തന്‍ശബരിമല പുളിക്കല്‍ പ്രസന്നകുമാറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ അവിടെ നിന്നും ചെറുകോല്‍പ്പുഴ ഭാഗത്തേക്ക് വന്ന് പാലച്ചുവടിന് സമീപം വച്ച് പ്ലാങ്കമണ്‍ വെളളിയറ കൊച്ചേത്തറയില്‍ ഉണ്ണികൃഷ്ണ(45) ന്റെ സ്‌കൂട്ടറിലും ഇടിച്ചു. ഉണ്ണികൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. ഇവിടെ നിന്നും 50 വാര മുമ്പിലേക്ക് നീങ്ങിയ കാര്‍ റോഡരികില്‍ കേടായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം എതിര്‍ ദിശയില്‍ വന്ന പ്ലാങ്കമണ്‍ വെളളിയറ താന്നിയോലിക്കല്‍ കെ. ലക്ഷ്മി(30)യുടെ സ്‌കൂട്ടറില്‍ ഇടിച്ചു. ലക്ഷ്മി സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് പോയി. സ്‌കൂട്ടര്‍ കാറിനടിയില്‍ അകപ്പെട്ടു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് സ്ത്രീകള്‍ ഓടിയെത്തി കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കതില്‍ റോയി മാത്യു ജോര്‍ജിനെ തടഞ്ഞ് നിര്‍ത്തി കോയിപ്രം പോലീസിന് കൈമാറി.
സാരമായി പരുക്കേറ്റ ലക്ഷ്മിയെ കോഴഞ്ചേരി ജില്ലാ ആശുപത്രയില്‍ എത്തിച്ചു. കാലിന്റെ അസ്ഥികള്‍ക്കും ഇടുപ്പെല്ലിനും ഒടിവ് പറ്റിയ ലക്ഷ്മി കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരണമടഞ്ഞ ഉണ്ണികൃഷ്ണന്‍ വെളളിയറയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ്. ഭാര്യ: ലക്ഷ്മി. മകന്‍.വിഷ്ണു.