
പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ടയില്‍ നടത്തിയ പോസ്റ്റര്‍ പ്രതിഷേധത്തില്‍ ട്വിസ്റ്റ്. ഏഷ്യാനെറ്റ് ലേഖകന്‍ ബൈക്കില്‍ പോയി പോസ്റ്റര്‍ പതിച്ചുവെന്ന് മന്ത്രി വീണ തറപ്പിച്ച് പറയുകയും ഇതേ രീതിയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന് പിന്നാലെ കേസില്‍ ഉള്‍പ്പെട്ട കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പത്തനംതിട്ട പൊലീസ് ചെന്നു നിന്നത് ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം നേതാവായ കെഎസ്‌യു പ്രവര്‍ത്തകന്റെ വീട്ടില്‍.
അര്‍ധ രാത്രിയില്‍ കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ നടത്തിയ ശ്രമം സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ. അവസാനം ഇടിവണ്ടിയില്‍ പൊലീസിനെ ഇറക്കി കാര്‍ പിടിച്ചെടുത്തു പത്തനംതിട്ട സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പക്ഷേ, ഏഷ്യാനെറ്റ് ലേഖകനെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച മന്ത്രി വീണാ ജോര്‍ജും പൊലീസും വെട്ടിലാവുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട മാക്കാംകുന്ന്, കുമ്പഴ, ചന്ദപ്പള്ളിയിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ പരിസരത്ത് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ആദ്യം ബ്രേക്ക് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് പത്തനംതിട്ട ലേഖകനാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് വയനാട്ടില്‍ വീണ തുറന്നടിച്ചു. ലേഖകന്‍ തന്നെ പോസ്റ്റര്‍ പതിച്ചതിന് ശേഷം വാര്‍ത്ത നല്‍കിയെന്ന് ആധികാരികമായിട്ടാണ് വീണ പറഞ്ഞത്. സ്‌പെഷല്‍ ബ്രാഞ്ചും മന്ത്രിയുടെ വാചകം കടമെടുത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് പറയുന്നു.
പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്പഴ സ്വദേശി നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസ് കലാപാഹ്വാനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവിയില്‍ സംശയം തോന്നി കണ്ട കാര്‍ പിടിച്ചെടുക്കാനാണ് ശനിയാഴ്ച രാത്രി 9.30 ന് പത്തനംതിട്ട പൊലീസ് സംഘം അടൂര്‍ പന്നിവിഴ കാഞ്ഞിരവിളയില്‍ ഏബല്‍ ബാബുവിന്റെ വീട്ടിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭ അംഗവുമാണ് ഏബല്‍ മാത്യു. കാര്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടതാണെന്നും അതു കൊണ്ട് കസ്റ്റഡിയില്‍ എടുക്കണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന രാഹുല്‍ മാങ്കുട്ടവും സംഘവും എന്തിനാണ് കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
ആരാണ് പരാതിക്കാരനെന്നും ഏബലിനെതിരേ കേസ് ഉണ്ടോയെന്നും ചോദിച്ചു. എന്നാല്‍, ഇതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ പൊലീസിനായില്ല. എസ്‌ഐ അടക്കമുള്ളവര്‍ ഉരുണ്ടു കളിച്ചതോടെ കാര്‍ വിട്ടു തരാന്‍ കഴിയില്ല എന്ന നിലപാടിലായി രാഹുലും സംഘവും. പരാതിക്കാരന്റെ പേര് പറയാനോ കേസ് എന്താണെന്ന് പറയാനോ കഴിയാതെ എസ്‌ഐ വിയര്‍ത്തു. ഒടുക്കം എഫ്‌ഐആര്‍ കാണിക്കാമെന്നായി. ഇരുകൂട്ടരും തമ്മില്‍ ദീര്‍ഘനേരം വാക്കേറ്റവും ഉണ്ടായി.
കാര്‍ ഞായറാഴ്ച രാവിലെ സ്‌റ്റേഷനില്‍ ഹാജരാക്കാം എന്നറിയിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നാരോപിച്ചാണ് പോലീസിനെ തടഞ്ഞത്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഏബല്‍ ബാബുവിന്റെ കാര്‍ ഉപയോഗിച്ചതായി സൂചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. രാത്രി 11ന് പന്തളം ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ സ്ഥലത്ത് എത്തി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്‍ കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. രാത്രി 11.30 ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി.നന്ദകുമാര്‍ ,അടൂര്‍ ഡി.വെ. എസ്. പി ആര്‍.ജയരാജ് എന്നിവര്‍ പ്രവര്‍ത്തകരും നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.എന്നിട്ടും ചര്‍ച്ച ഫലം കണ്ടില്ല. വീണ്ടും ചര്‍ച്ച നടത്തിയ ശേഷം പുലര്‍ച്ചെ 12.30 ന് കാര്‍ പോലീസ് കൊണ്ടുപോയി
മന്ത്രിയുടെ പേര് പറയാന്‍ എന്താണ് മടിയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്കെതിരായ പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്തുക എന്നത് മന്ത്രിയുടെ മാത്രം താല്‍പര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച് കാര്‍ പിടിച്ചെടുത്തത്. തനിക്കെതിരായ കുഞ്ഞുവിമര്‍ശനം പോലും അംഗീകരിക്കാന്‍ വീണാ ജോര്‍ജ് തയാറാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. കോണ്‍ഗ്രസ് നേതാക്കളെ അടക്കം വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റര്‍ പതിക്കുന്നുണ്ട്. ഇതിനെതിരേ പരാതി നല്‍കിയാല്‍ കേസ് പോലും എടുക്കാന്‍ തയാറാകാത്തവരാണ് ഇപ്പോള്‍ മന്ത്രിക്ക് വേണ്ടി പടയൊരുക്കം നടത്തിയിരിക്കുന്നത്.
ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ പാസാക്കാനൊരുമ്പോഴാണ് സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്ന് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററില്‍ ചര്‍ച്ച് ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം. സഭാ അംഗമായ വീണ ജോര്‍ജ് വിഷയത്തില്‍ മൗനം വെടിയണമെന്നാവശ്യപ്പെടുന്ന പോസ്റ്ററില്‍, സഭയുടെ വിയര്‍പ്പിലും വോട്ടിലുമാണ് വീണ ജനപ്രതിനിധിയായതെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
എന്നാല്‍ പോസ്റ്റര്‍ വിവാദം ആസൂത്രിതമാണെന്നും യുവജനം എന്ന സംഘടന സഭക്കില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ഇത് വ്യാജ വാര്‍ത്തയാണന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചെയ്യുന്നതെന്നും യുവജനം എന്നപേരില്‍ സംഘടനയുള്ളയുള്ളതായി അറിയില്ലെന്നുമാണ് മന്ത്രി വീണാജോര്‍ജ് പറയുന്നത്. ചര്‍ച്ച് ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നടക്കം രേഖപ്പെടുത്തിയ പോസ്റ്റര്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കുമ്പഴയില്‍ മന്ത്രിയുടെയും ചന്ദനപ്പള്ളിയില്‍ ഭര്‍ത്താവിന്റെയും ഇടവകപ്പള്ളികള്‍ക്ക് സമീപം കണ്ടെത്തിയത്.
എന്നാല്‍ സഭാ നേതൃത്വം ഇടപെട്ട് ഞായറാഴ്ച രാവിലെ തന്നെ ഇവ നീക്കം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പും പത്തനംതിട്ടയിലടക്കം ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരില്‍ സമാനമായ രീതിയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു . മന്ത്രിയുടെ പേര് ഒഴിവാക്കിയാണ് അന്ന് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ സഭയിലെ ഉന്നതരുടെ അറിവോടെയാണ് ഇത്തരമൊരു പോസ്റ്റര്‍ പതിച്ചതെന്നും പറയുന്നു. ഓശാന ദിവസം തന്നെ പോസ്റ്റര്‍ പതിച്ചത് കൂടുതല്‍ ആളുകളുടെ ശ്രദ്ധ പതിയാന്‍ വേണ്ടിയാണെന്നും കരുതുന്നു.