രക്താര്‍ബുദം മൂര്‍ഛിച്ച രോഗികളെ മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ കോശ ചികില്‍സ: വിജയസാധ്യത 50 ശതമാനത്തോളം: വിദേശരാജ്യങ്ങളില്‍ ചെലവേറിയ കാര്‍ ടി ചികില്‍സാ രീതി കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ സിഎംസി വെല്ലൂര്‍: കേരളത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജുമായി സഹകരിച്ച്  ചികില്‍സ ലഭ്യമാക്കും

0 second read
Comments Off on രക്താര്‍ബുദം മൂര്‍ഛിച്ച രോഗികളെ മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ കോശ ചികില്‍സ: വിജയസാധ്യത 50 ശതമാനത്തോളം: വിദേശരാജ്യങ്ങളില്‍ ചെലവേറിയ കാര്‍ ടി ചികില്‍സാ രീതി കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ സിഎംസി വെല്ലൂര്‍: കേരളത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജുമായി സഹകരിച്ച്  ചികില്‍സ ലഭ്യമാക്കും
0

തിരുവല്ല: രക്താര്‍ബുദം മൂര്‍ഛിച്ച് മരണം മുഖാമുഖം കാണുന്ന രോഗികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമേകാന്‍ അതിനൂതന ചികില്‍സാ രീതിയായ കാര്‍ ടി തെറാപ്പി ഇന്ത്യയിലും വ്യാപിപ്പിക്കുന്നു. സിഎംസി വെല്ലൂരാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. കേരളത്തില്‍ കാര്‍ ടി തെറാപ്പി ചികില്‍സയുമായി രംഗത്തു വരുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ഹെമറ്റോളജി വിഭാഗമാണ്. ആശുപത്രിയുടെ പത്താം വാര്‍ഷിക ദിനമായ ഇന്നലെ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി.

വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജ് ഡയറക്ടറും ലോകപ്രശസ്ത ക്ലിനിക്കല്‍ ഹെമറ്റോളജിസ്റ്റുമായ ഡോ. വിക്രം  മാത്യൂസാണ് കാര്‍ ടി തെറാപ്പിക്ക് നേതൃത്വം നല്‍കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ചെലവേറിയ ചികില്‍സാ രീതിയാണ് കാര്‍-ടി എന്ന് ഡോ. വിക്രം മാത്യൂസ് പറഞ്ഞു. എന്നാല്‍, വിപുലമായി ഈ തെറാപ്പി പ്രയോഗിക്കുന്നതോടെ ചികില്‍സാ ചെലവില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കും. കേരളത്തിലെ പതിനായിരക്കണക്കിന് രക്താര്‍ബുദ രോഗികളുടെ ചികിത്സയില്‍ ഗുണപരമായ മാറ്റങ്ങള്‍ കാര്‍ ടി തെറാപ്പി ഉണ്ടാക്കും.

കാന്‍സര്‍ കോശങ്ങളെ വേട്ടയാടി നശിപ്പിക്കുന്ന പ്രതിരോധകോശങ്ങളെ രോഗിയുടെ ശരീരത്തില്‍ വിന്യസിക്കുന്ന ചികിത്സാ രീതിയാണ് കാര്‍  ടി തെറാപ്പി. രോഗിയുടെ ശരീരത്തില്‍ പ്രവേശിപ്പിക്കുന്ന ഈ പ്രതിരോധ കോശങ്ങള്‍ ദീര്‍ഘകാലം നില നില്‍ക്കും. അതിലൂടെ, ഭാവിയില്‍ രൂപപ്പെടുന്ന കോശങ്ങളെ നശിപ്പിക്കുവാനും ഈ പ്രതിരോധ കോശങ്ങള്‍ സജ്ജരായിരിക്കും. മനുഷ്യശരീരത്തിലെ ശ്വേത രക്താണുക്കളെയാണ് ടി സെല്ലുകള്‍ എന്ന് പറയുന്നത്. പ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായക ഘടകമായ ടി സെല്ലുകള്‍ക്ക് ശരീരത്തിലെത്തുന്ന അന്യകോശങ്ങളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്. സ്വാഭാവിക പ്രതിരോധ ശേഷി കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കും. അതിനാല്‍, ടി സെല്ലുകള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയാറില്ല. കാന്‍സര്‍ രോഗിയുടെ ശരീരത്തില്‍നിന്ന് പ്രതിരോധകോശങ്ങള്‍ വേര്‍തിരിച്ച് ലാബില്‍ വച്ച് ജനിതക മാറ്റം വരുത്തും. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ജനിതക മാറ്റം വരുത്തിയ ഇവയെ രോഗിയുടെ ശരീരത്തില്‍ തിരികെ പ്രവേശിപ്പിക്കും.

കാര്‍  ടി കോശങ്ങള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നേരിടാനുള്ള കഴിവുണ്ട്. അതിലൂടെ, കാന്‍സര്‍  പ്രത്യേകിച്ച് രക്താര്‍ബുദം പോലുള്ളവ  വരുതിയിലാകും. ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷന്‍ തെറാപ്പിയുമാണ് മുന്‍കാലങ്ങളില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇമ്മ്യൂണോ തെറാപ്പി പോലെയുള്ള ചികിത്സാ രീതികളുടെ കാലമാണ് ഇന്നത്തേത്. അതിലൊന്നാണ് കാര്‍  ടി തെറാപ്പി എന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര സ്വദേശിയാണ് ഡോ. വിക്രം മാത്യൂസ്. ക്ലിനിക്കല്‍ ഹെമറ്റോളജിസ്റ്റ് എന്ന നിലയില്‍ ആഗോളപ്രശസ്തനാണ്. അക്യൂട്ട് ലുക്കീമിയ ചികില്‍സാ രംഗത്തെ ആധികാരിക വ്യക്തിത്വവുമാണ്.

കേരളത്തില്‍ കാര്‍ ടി തെറാപ്പി നടപ്പിലാക്കുന്ന ആദ്യ ആശുപത്രിയാണ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജെന്ന്  മാനേജരും കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവുമായ ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു. എല്ലാത്തരം ചികില്‍സാ രീതികളും പരാജയപ്പെട്ട രോഗികളെയാണ് തുടക്കത്തില്‍ കാര്‍ ടി തെറാപ്പിക്ക് വിധേയമാക്കുന്നത്. ഇതിന്റെ വിജയസാധ്യത 50 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചികില്‍സകള്‍ പോലെ ആദ്യത്തെ ഒരു മാസം കാര്‍ ടിക്കും പാര്‍ശ്വ ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ഹെമറ്റോളജി വിഭാഗം പ്രഫസര്‍ ഡോ. ചെപ്‌സി ഫിലിപ്പ് പറഞ്ഞു. നിലവില്‍ സി.എം.സി വെല്ലൂരില്‍ ഏഴു രോഗികളില്‍ ഈ തെറാപ്പി പരീക്ഷിച്ചു കഴിഞ്ഞുവെന്നും ഒരിക്കലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് പറയുന്ന രോഗികളില്‍ തെറാപ്പി പരീക്ഷിക്കുകയും അവരില്‍ 50 ശതമാനം പേരെ രക്ഷിച്ചെടുക്കുകയും ചെയ്യാമെന്നാണ് കരുതുന്നതെന്നും ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.  പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ മോഹന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…