പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡിയോളജി വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ വിഭാഗം, നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രം നടത്തിവരുന്ന കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ ക്ലിനിക് ആണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്. ഹൃദ്രോഗികള്‍ക്ക് സമഗ്രമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക് ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കെ ഈ ക്ലിനിക്കിലൂടെ ഹൃദ്രോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം, ജീവിതചര്യ, വ്യായാമം എന്നിവ ക്രമപ്പെടുത്തി നല്‍കുന്നു. ഇതിലൂടെ ഹൃദ്രോഗികള്‍ക്ക് സ്വാഭാവിക ജീവിതം സാധ്യമാകുന്നു. ദിനചര്യയിലൂടെ രോഗികള്‍ക്ക് ശാരീരികവും മാനസികവുമായ ഉന്മേഷം ലഭ്യമാക്കുക എന്നുള്ളതാണ് ഈ ക്ലിനിക്കിന്റെ ഉദ്ദേശലക്ഷ്യം. ഇതിനായി പി.എം.ആര്‍. വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍, മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, എന്‍.സി.ഡി. വിഭാഗത്തിലെ ഡോക്ടര്‍, ഡയറ്റീഷ്യന്‍ എന്നിവരെ കൂടാതെ ഹൃദ്രോഗ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു.
ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനം ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതോടുകൂടി രോഗികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റം കൈവരിക്കുവാന്‍ സഹായിക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുന്നതോടുകൂടി ഹൃദയസംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും. ഈ ക്ലിനിക്കിലൂടെ വ്യായാമ പരിശീലനം, ആരോഗ്യ വിദ്യാഭ്യാസം, ഫിസിക്കല്‍ സപ്പോര്‍ട്ട്, റിസ്‌ക് ഫാക്ടര്‍ നിര്‍ണയം, മെഡിക്കല്‍ മാനേജ്മെന്റ് എന്നിവ സാധ്യമാക്കുന്നു.