മൂപ്പത്താത്ത തടി കൊണ്ട് കതകും ജനാലകളും നിര്‍മിച്ചു: ഉടമ നോക്കിയപ്പോള്‍ എല്ലാം വളഞ്ഞു പുളഞ്ഞ്: മരപ്പണി കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

0 second read
Comments Off on മൂപ്പത്താത്ത തടി കൊണ്ട് കതകും ജനാലകളും നിര്‍മിച്ചു: ഉടമ നോക്കിയപ്പോള്‍ എല്ലാം വളഞ്ഞു പുളഞ്ഞ്: മരപ്പണി കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
0

പത്തനംതിട്ട: വീടിന്റെ തടിപ്പണിയില്‍ വീഴ്ച വരുത്തിയ മരപ്പണി കരാറുകാരന്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. റാന്നി ഉന്നക്കാവ് തുലാമണ്ണില്‍ ജോബിന്‍ ജോസിന്റെ പരാതിയില്‍ കോട്ടയം കടയനിക്കാട് പുതുപറമ്പില്‍ വീട്ടില്‍ പി.എസ്. ജയനെതിരേയാണ് കമ്മിഷന്റെ വിധി. 2021 ല്‍ ജോബിന്‍ ജോസ് കോയിപ്രത്ത് നിര്‍മിക്കുന്ന വീടിന്റെ മരപ്പണി ജയനെ ഏല്‍പ്പിച്ചിരുന്നു. ഈ സമയം സ്ഥലത്തില്ലാതിരുന്ന ജോബിന്‍ പണിയേണ്ട രീതി ജയനെ പറഞ്ഞു മനസിലാക്കി 1.52 ലക്ഷം രൂപയും കൊടുത്തിരുന്നു. തേക്കും പ്ലാവും ഉപയോഗിച്ച് കതകും ജനലും പണിയണമെന്നായിരുന്നു വ്യവസ്ഥ. ജോബിന്‍ ഗൃഹപ്രവേശത്തിന് നാട്ടിലെത്തിയപ്പോള്‍ വളഞ്ഞു പോയ കതകുകളും ജനാലകളുമാണ് കണ്ടത്. ചിലതനൊക്കെ വിടവുകള്‍ വീണ് ഉപയോഗിക്കാന്‍ കഴിയാത്തതു പോലെ ആയിരുന്നു. മൂപ്പെത്താത്ത തടി കൊണ്ട് നിര്‍മിച്ചതാണ് ഇതിന് കാരണമെന്ന് ജോബിന് മനസിലായി.

തുടര്‍ന്ന് പുതിയ ജനാലകളും കതകുകളും പണിതതിന് ശേഷമാണ് ഗൃഹപ്രവേശം നടത്താനായത്. ജയന്‍ നേരത്തേ കൈപ്പറ്റിയിരുന്ന 1.52 ലക്ഷം രൂപ ജോബിന് തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. അത് ലഭിക്കാതെ വന്നപ്പോഴാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ അന്യായം ഫയല്‍ ചെയ്തത്. ഇരുകൂട്ടരും അവരുടെ തെളിവുകള്‍ കമ്മിഷനില്‍ ഹാജരാക്കി. പണം മുന്‍കൂര്‍ വാങ്ങിയിട്ടും മോശപ്പെട്ട തടികള്‍ ഉപയോഗിച്ചതു കൊണ്ടാണ് കതകുകളും ജനാലകളും ഉപയോഗ ശൂന്യമായതെന്ന് കമ്മിഷന്‍ വിലയിരുത്തി. അഡ്വാന്‍സ് വാങ്ങിയ 1.52 ലക്ഷം രൂപയ്ക്ക് പുറമേ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും പതിനായിരം രൂപ കോടതി ചെലവും ചേര്‍ത്ത് 2.62 ലക്ഷം രൂപ ജോബിന് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പറഞ്ഞത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…