
കോയിപ്രം: ആകെ കുഴഞ്ഞു മറിഞ്ഞ രണ്ടു കേസുകള്‍. മത്സ്യകച്ചവടത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരികള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന വെട്ടും അടിയുമാണ് കേസുകളായത്. ഒരെണ്ണം പോലീസ് നേരിട്ടെടുത്തു. രണ്ടാമത്തേത് വെട്ടു കൊണ്ട ഒരാളുടെ ഭാര്യയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരം എടുത്ത കേസ്. രണ്ടു കേസിലുമായി മൂന്നു പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി തെരച്ചില്‍.
പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍ ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് കെ. രാജപ്പന്‍ (37), കുറവന്‍കുഴി പാറയില്‍ പുരയിടം വീട്ടില്‍ കുഞ്ഞാലി എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ (45), പുറമറ്റം ഉമിക്കുന്നുമല തോപ്പില്‍ വീട്ടില്‍ ജോജി എന്ന് വിളിക്കുന്ന ജോജി വര്‍ഗീസ്(56) എന്നിവരാണ് അറസ്റ്റിലായത്. മല്‍സ്യ കച്ചവടക്കാരനായ ജോജി വര്‍ഗീസിനെ മര്‍ദിക്കുകയും തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് മറ്റ് രണ്ടു പേരും അറസ്റ്റിലായത്. ഇത് കോയിപ്രം പോലീസ് നേരിട്ട് എടുത്ത കേസാണ്. അരീഷ് കുമാറിന്റെ കൈക്ക് മീന്‍ വെട്ടാനുപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടി, വിരല്‍ അടിച്ചൊടിച്ചു എന്നിങ്ങനെ ഭാര്യ രജനി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത പോലീസ് എടുത്ത കൗണ്ടര്‍ കേസിലാണ് ജോജിയെ അറസ്റ്റ് ചെയ്തത്.
13 ന് രാത്രി 10 ന് പുല്ലാട് ജങ്ഷനില്‍ വച്ചാണ് ജോജി വര്‍ഗീസിന് മര്‍ദ്ദനമേറ്റത്. കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം ചന്തയിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ എത്തിയപ്പോള്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതികള്‍ മര്‍ദ്ദിക്കുകയും സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു. കോയിപ്രം എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ ജോജി വര്‍ഗീസ് മര്‍ദിച്ചുവെന്നും കൈക്ക് വെട്ടിയെന്നും അടിച്ച് പരുക്കേല്‍പ്പിച്ചുവെന്നും അരീഷ് കുമാറിന്റെ ഭാര്യ രജനി പത്തനംതിട്ട ജെ.എഫ്. എം രണ്ട് കോടതിയെ സമീപിച്ചിരുന്നു. തന്റെ കച്ചവടത്തില്‍ ഇടിവുണ്ടായി എന്നാരോപിച്ചാണ് ജോജി മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്റെ ഭര്‍ത്താവിനെ വെട്ടി കൈക്ക് പരുക്കും വിരലുകള്‍ക്ക് പൊട്ടലുമുണ്ടാക്കിയതെ്ന്നായിരുന്നു രജനിയുടെ ഹര്‍ജി. കോടതി നിര്‍ദേശപ്രകാരം കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്യുകയും ജോജി വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരീഷ് മുന്‍പും കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ്. കോടതി നിര്‍ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്.