പത്തനംതിട്ട: മരിച്ചു പോയ ആളുടെ പേരില്‍ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയ പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ബൂത്ത് ലെവല്‍ ഓഫീസര്‍, കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗം എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തു. ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയര്‍ സിറ്റിസണ്‍) വോട്ട് ഹോം വോട്ടിങ് നടപടിയില്‍ തെറ്റായി ചെയ്ത സംഭവത്തിലാണ് ബി.എല്‍.ഓ പി. അമ്പിളി, മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡംഗം സി.എസ്. ശുഭാനന്ദന്‍ എന്നിവര്‍ക്കെതിരേ ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് മറ്റ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടത്തിന് സഹായിച്ചുവെന്നാണ് എഫ്‌ഐആര്‍. ജനപ്രാതിനിധ്യ നിയമത്തിലെ 134 വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ആറന്മുള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ഇമെയിലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തില്‍ സ്‌പെഷ്യല്‍ പോള്‍ ഓഫീസര്‍മാരായ എ. ദീപ (കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്), കല എസ്. തോമസ് ( മണ്ണങ്കരചിറ ജി.യു.പി.എസ്) ബൂത്ത് ലെവല്‍ ഓഫീസര്‍ പി. അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരണപ്പെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയിതിരുന്നു. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും വരണാധികാരിയായ കലക്ടര്‍ അറിയിച്ചു.
ആറന്മുള മണ്ഡലത്തിലെ കാരിത്തോട്ട 144-ാം നമ്പര്‍ ബൂത്തില്‍ ആറു വര്‍ഷം മുന്‍പ് മരിച്ചു പോയ അന്നമ്മ(94) എന്നയാളുടെ വോട്ട് ഇവരുടെ മരുമകളും കിടപ്പു രോഗിയുമായ അന്നമ്മ(66)യ്ക്ക് ചെയ്യാന്‍ അവസരം കൊടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇവരുടെ വിശദീകരണം കേട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍. തങ്ങള്‍ക്ക് പറ്റിയ പിഴവാണ് വോട്ട് മാറാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്. ചെയ്ത വോട്ടും റദ്ദാക്കി. കള്ളവോട്ട് ആരോപണം ഉന്നയിച്ച് എല്‍.ഡി.എഫ് ബൂത്ത് കമ്മറ്റി സെക്രട്ടറി ജയ നല്‍കിയ പരാതിയിലാണ് വരണാധികാരി അന്വേഷണത്തിന് ഉത്തരവിട്ടത്. ആറു വര്‍ഷം മുന്‍പ് മരിച്ചു പോയ അന്നമ്മയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയിരുന്നില്ല. ഇവരുടെ ക്രമനമ്പര്‍ 874 ആണ്. അന്നമ്മ ജോര്‍ജ് എന്നാണ് ഇവരുടെ പേര്. കിടപ്പുരോഗിയായ മരുമകളുടെ ക്രമനമ്പര്‍ 876 ആണ്. അന്നമ്മ മാത്യു എന്നാണ് ഇവരുടെ പേര്. കിടപ്പുരോഗിയായ അന്നമ്മയ്ക്കുളള വോട്ടിന് പകരം ക്രമനമ്പര്‍ 874 ഉള്ള അന്നമ്മയുടെ പേരാണ് സ്ലിപ്പിലും രേഖകളിലും എഴുതിയതും വോട്ട് ചെയ്യാന്‍ അനുവദിച്ചതും. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് വലിയ വീഴ്ചയ്ക്ക് കാരണമായത്. എല്‍.ഡി.എഫ് കള്ളവോട്ട് ആരോപിച്ചാണ് പരാതി കൊടുത്തിരുന്നത്.