കോഴഞ്ചേരി: അതിഥി തൊഴിലാളിക്ക് വേതനം നല്‍കാതെ തടഞ്ഞു വയ്ക്കുകയും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും പിടിച്ചു വയ്ക്കുകയും ചെയ്ത പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് മുന്നില്‍ വച്ച് ഭീഷണി. ഹോട്ടലുടമയുടെ മകനെതിരേ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി മണ്ണില്‍ ഹോട്ടല്‍ ഉടമ ജോമോന്റെ മകന്‍ ആല്‍ബിനെതിരേയാണ് കേസ്.
അതേ സമയം, ഹോട്ടലില്‍ കയറി ഉടമയുടെ മകനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മണ്ണില്‍ റസ്‌റ്റോറിന്റെ ഉടമയുടെ മകന്‍ ആല്‍ബി (19)യെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറന്മുള പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ജയന്‍ അകാരണമായി മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലിന്റെ കൗണ്ടറില്‍ ഇരിക്കുകയായിരുന്ന എല്‍എല്‍ബി വിദ്യാര്‍ഥി കൂടിയായ ആല്‍ബിനെ പിടിച്ചിറക്കി മര്‍ദിക്കുകയും ജീപ്പിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ചും ആല്‍ബിനെ മര്‍ദിച്ചു. പരിക്കേറ്റ ആല്‍ബിന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളി ആറന്മുള സ്‌റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹോട്ടലിലെത്തിയത്.
ഇയാള്‍ക്ക് ഹോട്ടല്‍ ഉടമ പണം നല്‍കാനുണ്ടെന്നും നാട്ടിലേക്ക് അയയ്ക്കുന്നില്ലെന്നുമാണ് മൊഴി നല്‍കിയത്. എന്നാല്‍ ഹോട്ടല്‍ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ വന്നതിനുശേഷം വിഷയം പരിഹരിക്കാമെന്ന് ആല്‍ബിന്‍ അറിയിച്ചിരുന്നു. പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ഇതുതന്നെ അറിയിച്ചിരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എസ്‌ഐ ഇതില്‍ പ്രകോപിതനായത് എന്തുകൊണ്ടെന്നു വ്യക്തമല്ല. ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് അസോസിയേഷന്‍ പരാതി നല്‍കി. ഇന്നലെ ആറന്മുള സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി എ.വി. ജാഫര്‍, റോയ് മാത്യൂസ്, കെ.എം. രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ ജീവനക്കാരനെതിരേയാണ് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ഉണ്ടായത്. ഇയാളുടെ മാതാവ് മരിച്ച വിവരം അറിയിച്ചിട്ടും വിടാതെ തടഞ്ഞു വച്ചുവെന്നാണ് പരാതി. ഇയാള്‍ നാട്ടിലേക്ക് പോകാതിരിക്കാന്‍ ബാഗും ജോലി ചെയ്ത കൂലിയും ആധാര്‍ കാര്‍ഡും പിടിച്ചു വച്ചുവത്രേ. അതിഥി തൊഴിലാളിയുടെ പരാതി പൊലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം കണ്‍ട്രോളില്‍ ലഭിച്ചതിനെ തുടര്‍ന്ന് ആറന്മുള പോലീസ് സ്‌റ്റേഷനില്‍ നിന്നും മൊബൈല്‍ പെട്രോളിങ് പാര്‍ട്ടി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഹോട്ടലില്‍ എത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സാധനങ്ങളും ജോലി കൂലിയും മറ്റും കൊടുക്കാന്‍ ഉടമ വിസമ്മതിക്കുകയായിരുന്നു.
പരാതിക്ക് പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുകക്ഷികളും സ്‌റ്റേഷനില്‍ എത്താന്‍ അറിയിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി ഒന്നര മാസമായി ഈ ഹോട്ടലില്‍ ജോലി ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയോടെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോകുന്നതിനായി ജോലി ചെയ്ത കൂലി ചോദിച്ചു. എന്നാല്‍ പണം നല്‍കാതെ ആധാര്‍ കാര്‍ഡും ലഗേജുകളും എല്ലാം തടഞ്ഞു വച്ചിരിക്കുന്നതായും അത് ചോദിച്ച ആളിനെ ഭീഷണിപ്പെടുത്തിയതായും ചീത്ത വിളിച്ചതായും
പരാതി നല്‍കിയിരുന്നു.
ഇരുകൂട്ടരും വൈകിട്ട് നാലിന് സ്‌റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു. ഹോട്ടലിന്റെ ഉടമസ്ഥര്‍ ആരും തന്നെ എത്തിയില്ല. സ്‌റ്റേഷനില്‍ വന്ന് കാത്തു നിന്നിരുന്ന അതിഥി തൊഴിലാളിയെയും കൂട്ടി വൈകിട്ട് അഞ്ചരക്ക് സബ് ഇന്‍സ്‌പെക്ടര്‍ ഹോട്ടലില്‍ എത്തി തൊഴിലാളിയുടെ ജംഗമ വസ്തുക്കളും ആധാര്‍ കാര്‍ഡും മറ്റും കൊടുക്കാന്‍ കടയുടെ ചുമതലയിലുണ്ടായിരുന്ന ആല്‍ബിനോട് ആവശ്യപ്പെട്ടു. പത്തു മിനുട്ടോളം പോലിസ് കാത്തു നിന്നിട്ടും അത് കൊടുക്കുന്നതിന് തയ്യാറാകാതെ പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ മുന്‍പില്‍ വച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പൊലീസ് സംഘം ആല്‍ബിനെ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടു പോയി. അതിഥി തൊഴിലാളിയുടെ ജംഗമവസ്തുക്കള്‍ തടഞ്ഞു വച്ചതിനും ചീത്ത വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആല്‍ബിനെതിരെ അതിഥി തൊഴിലാളിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മര്‍ദനമേറ്റുവെന്നാരോപിച്ച് ആല്‍ബിന്‍ ചികില്‍സ തേടി.