വണ്ടന്മേട്: വയോധികയുടെ കെട്ടിട നിര്‍മ്മാണം തടയുകയും അവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഐഎന്‍ടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ കടശിക്കടവ് ദീപാ ഭവനില്‍ രാജാ മാട്ടുക്കാരന്‍ ഇയാളുടെ ബന്ധുക്കളായ മുരുകന്‍, ശരവണന്‍, പാണ്ടി എന്നിവര്‍ക്കെതിരെയാണ് കടശിക്കടവ് സ്വദേശിനി തെന്നശേരി അന്നമ്മ മാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്മേട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.രണ്ട് വര്‍ഷം മുമ്പ് അന്നമ്മ കടശിക്കടവ് ജംഗഷനില്‍ സ്ഥലം വാങ്ങിയിരുന്നു.ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കുന്ന ജോലി നടന്നു കൊണ്ടിരിക്കെ രാജായും സംഘവും ചീത്ത വിളികളുമായി ജോലി തടയാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യം അന്നമ്മ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കവെ രാജാ മാട്ടുക്കാരനും ബന്ധുക്കളും ചേര്‍ന്ന് ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
ഈ ഭൂമി സ്വന്തമാക്കണമെന്ന് രാജായ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനിടയിലാണ് അന്നമ്മ സ്ഥലം വാങ്ങിയത് രാജായ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പഞ്ചായത്ത് അംഗം കൂടിയായ ഇയാള്‍ ഇടപെട്ട് അനുമതി നിഷേധിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയാണെന്ന് കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. എന്നാല്‍, നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി തങ്ങളുടെതല്ലെന്ന് പൊതുമരാമത്ത് വകുപ്പും പട്ടയ ഭൂമിയില്‍ ഉള്‍പ്പെട്ടു വരുന്ന സ്ഥലമാണെന്ന് വില്ലേജ് ഓഫീസറും റിപ്പോര്‍ട്ട് നല്കിയതോടെ ഗത്യന്ത്യരമില്ലാതെ പഞ്ചായത്ത് അനുമതി നല്കുകയായിരുന്നുവെന്ന് അന്നമ്മ പറയുന്നു.
കെട്ടിട നിര്‍മ്മാണം തുടങ്ങിയതോടെ രാജായുടെ നേതൃത്വത്തില്‍ ഐന്‍ടിയുസിയുടെ കൊടി കുത്തി ജോലി തടസപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ യൂണിയന്‍ നേതൃത്വം ഇടപെട്ട് കൊടികള്‍ നീക്കം ചെയ്തിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്കണമെന്നും ആവശ്യപ്പെട്ട് അന്നമ്മ ദേവികുളം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കിയിട്ടുണ്ട്.