അഞ്ചു വര്‍ഷം മുന്‍പ് നിക്ഷേപിച്ച 25 ലക്ഷം തിരികെ നല്‍കിയില്ല: മുത്തൂറ്റ് ഫിനാന്‍സ് ആറാട്ടുപുഴ ബ്രാഞ്ച് മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു

2 second read
Comments Off on അഞ്ചു വര്‍ഷം മുന്‍പ് നിക്ഷേപിച്ച 25 ലക്ഷം തിരികെ നല്‍കിയില്ല: മുത്തൂറ്റ് ഫിനാന്‍സ് ആറാട്ടുപുഴ ബ്രാഞ്ച് മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു
0

പത്തനംതിട്ട: നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖാ മാനേജര്‍ക്കെതിരേ ആറന്മുള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തടിയൂര്‍ പനക്കല്‍ തടം മാവുങ്കല്‍ പുത്തന്‍പുരയില്‍ വിമല്‍ കുമാര്‍ നല്‍കിയ പരാതിയില്‍ മുത്തൂറ്റ് ഫിനാന്‍സ് ആറാട്ടുപുഴ ശാഖാ മാനേജര്‍ ശ്രീകലയ്‌ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.

18 വര്‍ഷം ഗള്‍ഫില്‍ ജോലി നോക്കി മടങ്ങിയെത്തിയ വിമല്‍ കുമാര്‍ 2018 മാര്‍ച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റാണ് (എന്‍സിബി) ഇതിന് നല്‍കിയത്. ഇതാകട്ടെ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ (എസ്ആര്‍ഇഐ) ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റേതാണ്. വിമല്‍ കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ കമ്പനിയുടെ ലൈസന്‍സ് 2020 ഒക്‌ടോബര്‍ മാസത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു.

തുടര്‍ന്ന് വിമല്‍ കുമാര്‍ ശാഖാ മാനേജര്‍ ശ്രീലതയെ സമിപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടര്‍മാരുമായും നേരില്‍ സംസാരിച്ചുവെന്ന് വിമല്‍ കുമാറിന്റെ മൊഴിയില്‍ പറയുന്നു. അവര്‍ പണം തിരികെ നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞുവത്രേ. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാല്‍, പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജര്‍മാരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിച്ചത്.

പത്തനാപുരത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കലഞ്ഞൂര്‍ സ്വദേശികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തു വരാനുള്ള സാധ്യതയുണ്ടെന്ന് അറിയുന്നു.

 

 

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…