അടൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു, ജീവനക്കാരെ മര്‍ദിച്ചു: മുന്‍ കൗണ്‍സിലര്‍ അടക്കം 13 പേര്‍ക്കെതിരേ കേസ്

1 second read
Comments Off on അടൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു, ജീവനക്കാരെ മര്‍ദിച്ചു: മുന്‍ കൗണ്‍സിലര്‍ അടക്കം 13 പേര്‍ക്കെതിരേ കേസ്
0

അടൂര്‍: ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസില്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം 13 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഡയാനയ്ക്ക് നേരെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അക്രമം നടന്നത്. ഹോട്ടല്‍ മാനേജര്‍ മാരായ വിപിന്‍ ജോസ്, അയിന്‍ ജോസ് എന്നിവരെ ക്രൂരമായി മര്‍ദിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഹോട്ടലിന്റെ കൗണ്ടറിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

മുന്‍ നഗരസഭ കൗണ്‍സിലര്‍ അയൂബ്, ബിലാല്‍, സമീപത്തെ ഫ്രൂട്‌സ് കടയിലെ കണ്ടാലറിയാവുന്ന ആള്‍, കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഹോട്ടല്‍ നടത്തുന്ന തിരുവനന്തപുരം ഉള്ളൂര്‍ ചെറുവക്കല്‍ നീരാളി ലൈനില്‍ ജോയ് ഭവനില്‍ ഫിലിപ്പ് വര്‍ഗീസിന്റെ ഭാര്യ സോണിയ വര്‍ഗീസിന്റെ പരാതി പ്രകാരമാണ് കേസ്. ഹോട്ടല്‍ ഡയാനയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ ശിവ, ഹാജക്ക് എന്നിവര്‍ എതിര്‍വശത്തുള്ള ഹൈവേ കിച്ചന്‍ എന്ന ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ ഡയാന ഹോട്ടലിലെ മാനേജര്‍മാരായ വിപിന്‍ ജോസ്, അയന്‍ ജോസ് എന്നിവര്‍ ചെന്നു.

ഈ സമയം അടൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന അയ്യൂബ് കുഴിവിള, ബിലാല്‍, അടുത്തുള്ള ഫ്രൂട്ട്‌സ് കടയിലെ മറ്റൊരാളും കണ്ടാല്‍ അറിയാവുന്ന പത്തോളം പേരും ചേര്‍ന്ന് വിപിനെയും അയനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദനം സഹിക്കാന്‍ കഴിയാതെ വിപിനും അലനും ഡയാന ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെ ചെന്ന അക്രമി സംഘം കമ്പി വടി കൊണ്ട് ഇവരെ അടിക്കുകയും ഹോട്ടലിലെ ക്യാബിന്‍ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. സൈ്വപ്പിങ് മെഷീന്‍ കൊണ്ട് വിപിന്‍ ജോസിന്റെ തലയ്ക്ക് അടിച്ചു.

അയന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. മൂക്കിലും ചെവിയിലും നിന്ന് രക്തം വന്നു. കൈയുടെ വിരല്‍ മുറിഞ്ഞിട്ടുണ്ട്. വിപിന്റെ തലയ്ക്കും കാലിനുമാണ് മുറിവ്. ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിന് 30000 രൂപയുടെ നാശനഷ്ടം നേരിട്ടുവെന്നാണ് ഉടമയുടെ പരാതി.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…