
നിലയ്ക്കല്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്വാമി അയ്യപ്പ ഫ്യൂവല്‍സില്‍ നിന്ന് 20.69 ലക്ഷം തട്ടിയെടുത്ത കേസില്‍ ചുമതലക്കാരന്‍ അറസ്റ്റില്‍. പമ്പിന്റെ മേല്‍നോട്ടച്ചുമതലയുള്ള പമ്പ ദേവസ്വം അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസ് ജീവനക്കാരന്‍ തിരുവനന്തപുരം മലയന്‍കീഴ് മൂഴിനട ചിത്തിര വീട്ടില്‍ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഒക്‌ടോബര്‍ 19 വരെയുള്ള പമ്പിലെ ദൈനംദിന വരുമാനം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കാതെ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ 16 ന് ദേവസ്വം ബോര്‍ഡ് നിലയ്ക്കല്‍ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറുടെ ചുമതലയുള്ള ബി. പ്രവീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
നിലയ്ക്കല്‍ എസ്.എച്ച്.ഓ അന്വേഷണം നടത്തി തട്ടിപ്പ് നടന്ന കാലയളവിലെ ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കി. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശ പ്രകാരം വെച്ചൂച്ചിറ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ പ്രതികള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ സമാനരീതിയില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് പ്രതിയെ ചെയ്തു.