
നൂറനാട്: സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലെ കോര്‍പ്പറേഷന്റെ പരിധിയിലുള്ള കശുവണ്ടി ഫാക്ടറികളിലെ രാപകല്‍ സുചനാ പണിമുടക്ക് 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആറന് കൊല്ലത്ത് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം സംസ്ഥാന വ്യാപകമാവും. എല്ലാ ട്രേഡ് യൂണിയനുകളും സമര മുഖത്ത് തന്നെയാണിപ്പോള്‍.
കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ രോദനമാണ് മുഴങ്ങുന്നത്. നൂറനാട് ഫാക്ടറിയില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളി പറഞ്ഞത് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയാണെന്നാണ്. ഒരു കിലോ കശുവണ്ടി തല്ലുമ്പോള്‍ 36 രൂപ(ഷെല്ലിങ്)യും ഒരു കിലോ അണ്ടിപ്പരിപ്പിന്റെ തൊലി ഇളക്കുമ്പോള്‍ 46. 03 രൂപ (പീലിങ്)യും അണ്ടിപരിപ്പിന്റെ നിലവാരം അനുസരിച്ച് വേര്‍തിരിക്കുമ്പോള്‍ എല്ലാം കൂടി ഏകദേശം 48 രൂപയും തിരിയുമ്പോള്‍ ദിവസം 285 (ഗ്രേഡിങ് ) രൂപയുമാണ് ലഭിക്കുക. എല്ലാ തൊഴിലാളികള്‍ക്കും തുടര്‍ച്ചയായി ജോലിയില്ല. തോട്ടണ്ടിയുടെ ലഭ്യത അനുസരിച്ചാണ് ജോലി നല്‍കുന്നത്. ആറു മാസത്തില്‍ 78 ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കു.
ഒരു മാസം ഒരു ഷെല്ലിങ് തൊഴിലാളിക്ക് കിട്ടുന്നത് പരമാവധി 4500 രൂപയാണ്. മറ്റ് സെക്ഷനുകളില്‍ ഇതിലും താഴെ മാത്രം. സംസ്ഥാനത്ത് മൊത്തം 948 കശുവണ്ടി ഫാക്ടറികളാണ് ഉണ്ടായിരുന്നത് ഇപ്പോള്‍ നിലവില്‍ 150 ഫാക്ടറികളില്‍ മാത്രം ജോലി. ബാക്കിയുള്ളവ അടച്ചു പുട്ടി. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ മൊത്തം 30 ഫാക്ടറികള്‍ (ഗവണ്‍മെന്റ് ), കാപ്പെക്‌സ് ( സഹകരണ മേഖല ) 10 ഫാക്ടറികള്‍. ഇത് രണ്ടും കൂടി പൊതുമേഖലയില്‍ 14000 തൊഴിലാളികള്‍. സ്വകാര്യ മേഖലയില്‍ 20000 പേരും പണിയെടുക്കുന്നു.
കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി അവസാനമായി പുതുക്കി നിശ്ചയിച്ചത് 2016 ഫെബ്രുവരി ഒന്നിനാണ്. നിലവിലുള്ള കൂലിയുടെ 35% വര്‍ധനവാണ് നടപ്പാക്കിയത്. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് മുതലാളിമാരുടെ എതിര്‍പ്പ് മറികടന്നാണ് അന്ന് ഇത് വിജ്ഞാപനം ചെയ്തത്.
മുമ്പ് തോട്ടണ്ടി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ അത് മാറ്റി 50% സ്വകാര്യ പങ്കാളിത്തമുള്ള കാഷ്യൂ ബോര്‍ഡിന് ഗുണനിലവാര പരിശോധനയുടെ പ്രധാന മാനദണ്ഡങ്ങളായ കട്ടിംഗ് ടെസ്റ്റും ഔട്ട് ടേണും ഒഴിവാക്കി സ്വകാര്യ കുത്തകകളുമായി പങ്കു കച്ചവടമാണെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ നിന്നും മുമ്പ് ഗവണ്‍മെന്റ് ഏറ്റെടുത്ത ഫാക്ടറികള്‍ സുപ്രിം കോടതിയിലെ കേസിന്റെ വാദം ദുര്‍ബലപ്പെടുത്തി. 20 ഫാക്ടറികള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് തിരികെ നല്‍കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു.
ഈ മേഖലയില്‍ പണിയെടുക്കുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് 1995 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയുമായിരുന്ന സമയത്ത് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് നിയമത്തിന്റെ പരിധിയില്‍ കശുവണ്ടി മേഖലയിലെ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി. 1993 മുതല്‍ മുന്‍കാല പ്രബല്യത്തോടു കൂടി പി.എഫ് പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നിരുന്നു. 10 വര്‍ഷം ഈ മേഖലയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് പെന്‍ഷന് അര്‍ഹത ആയി. ഇത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം ആയിരുന്നു.പി.എഫ് അംഗം മരണപ്പെടുമ്പോള്‍ നോമിനിക്ക് കിട്ടുന്ന ആനുകൂല്യം ഇപ്പോള്‍ നിര്‍ത്തലാക്കി. 10 വര്‍ഷം എന്നത് 10 വര്‍ഷത്തില്‍ 3650 ദിവസം എന്നാക്കി. കശുവണ്ടി വ്യവസായം ഒരു സീസണലാക്കി കണക്കാക്കി. മുമ്പ് ഇത് 10 വര്‍ഷം എന്നായിരുന്നു മുമ്പ് പരിഗണിച്ചിരുന്നത്.
ഇപ്പോഴത്തെ മാറ്റം കാരണം പലര്‍ക്കും പി.എഫ് പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥയായി. ഈ മേഖലയില്‍ എല്ലാ അര്‍ത്ഥത്തിലും തൊഴിലാളികള്‍ക്ക് ദുരിത ജീവിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ഷാജി നുറനാട് ആവശ്യപ്പെട്ടു.