
കൊച്ചി: യുപിഎസ്‌സിയുടെ ഐപിഎസ് സെലക്ഷന്‍ രീതികളിലെ പൊള്ളത്തരം തുറന്നു കാട്ടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍(ക്യാറ്റ്). സംസ്ഥാന സര്‍ക്കാരിന്റെയും യുപിഎസ്‌സിയുടെയും ഇരട്ടത്താപ്പുകള്‍ക്ക് കനത്ത പ്രഹരം നല്‍കി ക്യാറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്പി സി. ബാസ്റ്റിന്‍ സാബുവിനെ ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍ പരിഗണിക്കാന്‍ നിര്‍ദേശം. ക്യാറ്റ് നേരത്തേ നല്‍കിയ രണ്ട് ഇടക്കാല ഉത്തരവുകള്‍ പരിഗണിക്കാതിരുന്ന യുപിഎസ്‌സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപടികള്‍ ഉത്തരവില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്.
യുപിഎസ്‌സി സെലക്ഷന്‍ രീതിയിലെ പാളിച്ചകള്‍ പൊളിച്ചു കാട്ടുന്നതാണ് ജുഡിഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് സുനില്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ കെ.വി. ഈപ്പന്‍ എന്നിവരുടെ 65 പേജുള്ള ഉത്തരവ്. ബാസ്റ്റിന്‍ സാബു പയ്യോളി ഇന്‍സ്‌പെക്ടര്‍ ആയിരിക്കുന്ന സമയത്ത് സ്‌റ്റേഷനില്‍ വന്ന ഭരണകക്ഷി നേതാവിനോട് മോശമായി പെരുമാറി എന്നതാണ് ഐപിഎസ് സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിന് പ്രധാന തടസമായി കാണിച്ചിരുന്നത്. 2006 ല്‍ നടന്ന സംഭവത്തിലുണ്ടായിരുന്ന പരാതിയില്‍ ബാസ്റ്റിന്‍ സാബുവിന്റെ ഇന്‍ക്രിമെന്റ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഈ പണം തിരികെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഐപിഎസ് സെലക്ഷന്‍ മീറ്റിങ്ങില്‍ ബാസ്റ്റിനെ തഴഞ്ഞത്. ഇതൊരിക്കലും ഗൗരവകരമായ ഒരു കുറ്റകൃത്യമല്ലെന്ന് ക്യാറ്റ് നിരീക്ഷിച്ചു. ഈ ഒരു കാര്യം പറഞ്ഞ് ബാസ്റ്റിനെ സെലക്ഷന്‍ ലിസ്റ്റില്‍ നിന്നൊഴിവാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇതല്ലാതെ മറ്റ് തടസമൊന്നുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സെലക്ഷന് പരിഗണിക്കണം.
വിധിയുടെ 40-ാം പേജില്‍ വളരെ സുപ്രധാനമായ ഒരു നിരീക്ഷണം ക്യാറ്റ് നടത്തിയിട്ടുണ്ട്. 2019 ലെ സെലക്ഷന്‍ ലിസ്റ്റില്‍ പരിഗണിക്കപ്പെട്ട എന്‍. അബ്ദുള്‍ റഷീദിനെ ‘അണ്‍ഫിറ്റ്’ ആയി കണക്കാക്കിയിരുന്നു. എന്നാല്‍ 2020 ലെ സെലക്ഷന്‍ ലിസ്റ്റ് വന്നപ്പോള്‍ അയാള്‍ പെട്ടെന്ന് ‘വെരിഗുഡ്’ ആയി മാറി. സെലക്ഷന്‍ കമ്മറ്റിയുടെ നടപടി ക്രമങ്ങളില്‍ തെറ്റു വരുന്നത് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും ക്യാറ്റ് നിരീക്ഷിക്കുന്നു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് സിബിഐ കോടതി വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തയാളാണ് അബ്ദുള്‍ റഷീദ്. ഇദ്ദേഹത്തിന്റെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് ഐപിഎസ് സെലക്ഷന്‍ ലഭിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരുന്നില്ല. ഒറ്റ വര്‍ഷത്തെ ഇടവേളയില്‍ അണ്‍ഫിറ്റ് റിപ്പോര്‍ട്ടുള്ളയാള്‍ വെരിഗുഡ് ആയി മാറിയതിന്റെ സാംഗത്യമാണ് ക്യാറ്റ് ഉത്തരവിലൂടെ പൊളിച്ചിരിക്കുന്നത്. യുപിഎസ്‌സി സെലക്ഷന്‍ കമ്മറ്റിയുടെ വീഴ്ചകളും പോരായ്മകളുമാണ് ഈ പരാമര്‍ശത്തിലൂടെ ക്യാറ്റ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ബാസ്റ്റിന് വേണ്ടി 2019 ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍ ഒരു തസ്തിക ഒഴിച്ചിടണമെന്ന് ക്യാറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അത് പാലിക്കാന്‍ യുപിഎസ്‌സിയോ ബാസ്റ്റിനെ പരിഗണിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരോ തയാറായില്ല.
ബാസ്റ്റിന്‍ സാബു അണ്‍ഫിറ്റായത് ഇങ്ങനെ..
2006 ല്‍ പയ്യോളി സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാസ്റ്റിന്‍ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറല്‍ എസ്.പി, ബാസ്റ്റിന്‍ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇന്‍ക്രിമെന്റ് ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സര്‍ക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി ക്രമം.
സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങള്‍ റദ്ദാക്കാന്‍ ഉത്തരമേഖലാ ഐജിയോട് നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം ഐജി ആ നടപടി ക്രമങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചതുമില്ല.
ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിന്‍ സാബു, 2006 ലെ തനിക്കെതിരായ സര്‍ക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാന്‍ ആ നടപടി ക്രമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടി 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോര്‍ത്ത് സോണ്‍ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിര്‍ദേശ പ്രകാരം 2006 ല്‍ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സര്‍ക്കാര്‍ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.
അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തില്‍ തനിക്കെതിരായി ശിപാര്‍ശ ചെയ്ത നടപടികളെ കുറിച്ചുളള പരാമര്‍ശം ഒഴിവാക്കി കിട്ടാന്‍ വേണ്ടി ബാസ്റ്റിന്‍ സാബു സര്‍ക്കാരില്‍ അപേക്ഷ നല്‍കി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനില്‍ക്കുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് തടഞ്ഞു കൊണ്ടുളള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാന്‍ ബാസ്റ്റിനോട് നിര്‍ദേശിച്ചു. 2021 മാര്‍ച്ച് 12 ന് ബാസ്റ്റിന്‍ പണം അടച്ചു.
കുഴപ്പം തന്റെയല്ല…ബാസ്റ്റിന്‍ ക്യാറ്റില്‍
സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ പേരില്‍ തന്നെ ക്രൂശിക്കരുതെന്നും ഐപിഎസ് ലിസ്റ്റില്‍ പരിഗണിക്കണമെന്നും കാട്ടി ബാസ്റ്റിന്‍ സാബു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചതോടെ കളി മാറി. ഹര്‍ജി പരിഗണിച്ച ക്യാറ്റ് ബാസ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് തടസമില്ലെങ്കില്‍ ബാസ്റ്റിനെ പരിഗണിക്കണം. അല്ലെങ്കില്‍ അയാള്‍ക്കുള്ള ഒരു തസ്തിക നീക്കി വച്ചിട്ട് നിയമനം നടത്തണമെന്നും ഉത്തരവിട്ടു.
ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി റഷീദിന്റെ പേരില്‍ ഐപിഎസ് വിവാദം കൊഴുക്കുന്നതിനിടെ ഇതേ പട്ടികയിലേക്ക് അപ്രതീക്ഷിതമായി പ്രത്യപ്പെട്ടയാളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്പി ബാസ്റ്റിന്‍ സാബു. ഐപിഎസ് ലിസ്റ്റില്‍ തനിക്കും പരിഗണന വേണമെന്നാവശ്യപ്പെട്ട് ബാസ്റ്റിന്‍ സാബു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അഭിഭാഷകന്‍ ഈ ഹര്‍ജിയ്‌ക്കെതിരേ കടുത്ത നിലപാടെടുത്തു. നിലവില്‍ 23 പേരുടെ പട്ടിക തയാറാണെന്നും അന്തിമ വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണെന്നും അതിനാല്‍ ബാസ്റ്റിന്റെ ഹര്‍ജി പരിഗണിക്കരുതെന്നും യുപിഎസ് സി കോണ്‍സല്‍ ട്രിബ്യൂണലില്‍ വാദിച്ചു. ഈ അവസരത്തില്‍ യാതൊരു ഉത്തരവും പാടില്ലെന്നും ശക്തമായി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഗവ. പ്ലീഡറും ഇതേ നിലപാട് സ്വീകരിച്ചു.
എന്നാല്‍, ബാസ്റ്റിന്‍ നേരത്തേ നല്‍കിയ ഹര്‍ജിയില്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഐപിഎസ് സെലക്ഷന്‍ കമ്മറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. അതിനാല്‍, പരാതിക്കാരന്‍ സമര്‍പ്പിച്ച നിവേദനം 2019, 20 വര്‍ഷത്തെ ഐപിഎസ് സെലക്ഷന്‍ ലിസ്റ്റ് അന്തിമമാക്കുന്നതിന് മുന്‍പ് വേണ്ട രീതിയില്‍ പരിഗണിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം പരാതിക്കാരന്റെ നിവേദനത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണം. ആവശ്യമെങ്കില്‍ സെലക്ഷന്‍ കമ്മറ്റി പുനപരിശോധനാ യോഗം ചേര്‍ന്ന് ഇക്കാര്യം പരിഗണിക്കണം. അതു പോലെ തന്നെ ട്രിബ്യൂണല്‍ 2021 ഡിസംബര്‍ 10 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും അതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളും പരിഗണിക്കുകയും വേണം. അതിന് ശേഷം മാത്രമേ അന്തിമ പട്ടിക വിജ്ഞാപനം ചെയ്യാന്‍ പാടുള്ളൂ. ഇനി ഏതെങ്കിലും കാരണവശാല്‍ പരാതിക്കാരന്‍ പട്ടികയില്‍ ഇടം നേടുന്നില്ലെങ്കില്‍ ഈ ഹര്‍ജി തീര്‍പ്പാകുന്നതു വരെ 2019 ബാച്ചില്‍ ഒരു ഒഴിവ് അദ്ദേഹത്തിനായി മാറ്റി ഇട്ടിട്ട് ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കണം. ഈ ഉത്തരവ് ബാക്കിയുള്ള നിയമനങ്ങള്‍ക്ക് തടസമാകരുതെന്നും അത് എത്രയും പെട്ടെന്ന് നടക്കണമെന്നും ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
2006 ലെ പിഴ അടച്ചത് 2021 ല്‍: അതു വരെ ശിക്ഷ നിലനില്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാരും യുപിഎസ്‌സിയും
2006 ല്‍ ബാസ്റ്റിന് ചുമത്തിയ പിഴ അദ്ദേഹം അടച്ചത് 2021 ലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരും യുപിഎസ്‌സിയും ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍ ബാസ്റ്റിന് അവസരം നിഷേധിച്ചത്. 2006 ല്‍ ചുമത്തിയ പിഴയ്ക്ക് ഒരു വര്‍ഷം മാത്രമേ കാലാവധിയുള്ളൂവെന്നും അത് ശരിക്കും പിഴയല്ല വെറുമൊരു ബാധ്യതയാണ് എന്നും പറഞ്ഞാണ് ബാസ്റ്റിന് അനുകൂലമായി 2021 ല്‍ ക്യാറ്റ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിസാരമായ ഒരു കുറ്റകൃത്യമാണ്. അതിന് ഒരു കൊല്ലത്തില്‍ കൂടുതല്‍ സാധുതയില്ല. അതിനാല്‍ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ശിക്ഷാ കാലാവധി കഴിയുകയും ചെയ്തു. അഥവാ പണം അടയ്ക്കാനുണ്ടെങ്കില്‍ അത് വെറുമൊരു ബാധ്യത മാത്രമാണെന്നും പിഴ അല്ലെന്നുമുള്ള ബാസ്റ്റിന്റെ അഡ്വക്കേറ്റ് ഗിരിജ കെ. ഗോപാലിന്റെ യുടെ വാദം ക്യാറ്റ് അംഗീകരിച്ചു. ഇത്തരത്തില്‍ ഒരു ഇടക്കാല ഉത്തരവും നല്‍കി. ബാസ്റ്റിനെ സെലക്ഷന്‍ ലിസ്റ്റില്‍ പരിഗണിക്കണമെന്നും 2019 ലെ ഒരു ഒഴിവ് അദ്ദേഹത്തിനായി മാറ്റി വയ്ക്കണമെന്നുമായിരുന്നു ഉത്തരവ്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാസ്റ്റിനെ സെലക്ഷന്‍ പട്ടികയില്‍ പരിഗണിക്കേണ്ടിയിരുന്നു. എന്നാല്‍, പിഴ അടയ്ക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് 2019, 20 സെലക്ഷന്‍ പട്ടികയില്‍ അദ്ദേഹത്തെ പരിഗണിക്കാതെ ഇരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞു കൊണ്ടു റിപ്പോര്‍ട്ട് യുപിഎസ് സിക്ക് നല്‍കുകയും സെലക്ഷന്‍ കമ്മറ്റി ഇത് മാത്രം പരിഗണിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബാസ്റ്റിന്‍ തന്റെ അഭിഭാഷക ഗിരിജ കെ. ഗോപാല്‍ മുഖേനെ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ക്യാറ്റ് കര്‍ശനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം ബാസ്റ്റിനെ പരിഗണിക്കാന്‍ വേണ്ടി വീണ്ടും സെലക്ഷന്‍ കമ്മറ്റി ചേരണം. നിലവില്‍ ഐപിഎസ് ലഭിച്ച വി. അജിത്ത് എന്നയാള്‍ തന്റെ സിനിയോറിറ്റി പ്രശ്‌നം ഉന്നയിച്ച് ക്യാറ്റിനെ സമീപിച്ചിട്ടുണ്ട്. അത് പരിഗണിച്ച് അജിത്തിനാണ് സീനിയോറിറ്റിയെങ്കില്‍ 2019 ലെ പട്ടികയില്‍ ബാസ്റ്റിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന തസ്തിക അജിത്തിന് നല്‍കണം. 2020 ലെ ലിസ്റ്റില്‍ അജിത്തിന്റെ സ്ഥാനത്തേക്ക് ബാസ്റ്റിനെ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2021 ലെ ഒഴിവുകള്‍ നികത്തുന്നതിനായി ചേരുന്ന സെലക്ഷന്‍ കമ്മറ്റിയില്‍ ഈ രണ്ടു വിഷയങ്ങളും പരിഗണിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഒരു മാസത്തിനുള്ള സെലക്ഷന്‍ കമ്മറ്റി ചേരത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. മേയ് 31 ന് ബാസ്റ്റിന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. അതും ഐപിഎസ് സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിന് തടസമാകരുത്.
ഐപിഎസ് സെലക്ഷന്‍ നടപടി ക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന് നേരത്തേ തന്നെ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍, ബാസ്റ്റിന്റെ കാര്യത്തില്‍ കോടതി ഇടപെട്ടത് അനീതി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്. പിഴ അടയ്ക്കാന്‍ വൈകി എന്ന പേരിലാണ് ബാസ്റ്റിനെ ഐപിഎസിന് പരിഗണിക്കാതിരുന്നത്. ഈ അനീതിയാണ് ക്യാറ്റില്‍ ചൂണ്ടിക്കാട്ടിയത് എന്ന് അഡ്വ. ഗിരിജ പറഞ്ഞു. ഇത്തരമൊരു നടപടി തെറ്റാണെന്നാണ് വാദിച്ചത്. അത് കോടതി അംഗീകരിച്ചാണ് 65 പേജുള്ള വിധി തന്നത്. ഇത്തരം വിശദമായ ഒരു ഉത്തരവ് വളരെ അപൂര്‍വമാണ്.