പത്തനംതിട്ട: പോലീസ് ചമഞ്ഞ് വീഡിയോ കോളിലെത്തി 37, 61,269 രൂപ തട്ടിയകേസില്‍ രണ്ടാം പ്രതി പിടിയില്‍. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്ദു സാഹിബ് (20) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നാണ് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
തടിയൂര്‍ സ്വദേശിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പരില്‍ നിന്നും പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും നരേഷ് ഗോയല്‍ എന്നയാള്‍ ഈ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആറു കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കാളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയില്‍ ഭയന്നു പോയ ഇദ്ദേഹം പെരിങ്ങനാടുള്ള സര്‍വീസ് സഹകരണബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ കോല്‍ക്കൊത്ത ഹാറ്റിഭാഗന്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് ഒക്ടോബര്‍ 10 ന് 7,50,111 രൂപ അയച്ചുകൊടുത്തു.
15 ന്, കൊടുമണ്‍ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികളുടെ ഗുജറാത്ത് വാഡോദര ഐസിഐസിഐ ബാങ്കിലേക്ക് 30,11,158 രൂപയും അയച്ചു. ആകെ 37,61,269 രൂപയാണ് പ്രതികള്‍ വീഡിയോ കാള്‍ വഴി തട്ടിച്ചെടുത്തത്.
ഈ തുകയില്‍ 6,500,00 രൂപ മൊയ്തു സാഹിബിന്റെ പാലക്കാട് ചേര്‍പ്പുളശ്ശേരിയിലെ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 15 ന് വഡോദര ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും മാറ്റിയെടുത്തു. പിന്നീട് ഇയാളുടെ പേരിലുള്ള ചെക്ക് ഇപയോഗിച്ച് പിന്‍വലിച്ച് ഒന്നാം പ്രതിക്ക് കൈമാറി. ഒന്നാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണം കോയിപ്രം പോലീസ് ഊര്‍ജ്ജിതമാക്കി.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍, സി പി ഓ അരുണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.