പത്തനംതിട്ട: സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ ബിജെപിക്കാരുടെ പടക്കം പൊട്ടിക്കല്‍. സിപിഎം പ്രവര്‍ത്തകര്‍ പടക്കമെടുത്ത് തിരിച്ചെറിഞ്ഞതോടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൈയേറ്റം ചെയ്തുവെന്നും പറയുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ആഹ്‌ളാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകരാണ് സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ പടക്കമെറിഞ്ഞത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരിച്ചെറിയകയും സംഘപരിവാര്‍ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു.
ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. പതിനഞ്ചോളം വരുന്ന ബിജെപി
പ്രവര്‍ത്തകരാണ് കണ്ണങ്കരയിലെ സി.പി.എം ഓഫീസിന് മുന്നില്‍ കൊണ്ടു വന്ന് പടക്കം പൊട്ടിച്ചത്. ടൗണിലെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ ഇവിടെ എത്തിയത്. പടക്കം ഓഫീസിന് നേരെ കത്തിച്ച് എറിഞ്ഞുവെന്നും പറയുന്നു. സി.പി.എം ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പടക്കം എടുത്ത് തിരിച്ചെറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതായും പറയുന്നു. സംഘര്‍ഷം അറിഞ്ഞ് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.