
അടൂര്‍: ജോലി ചെയ്യുന്ന വീട്ടിലേക്ക് ബസിറങ്ങി നടന്നു പോകുന്ന വഴി വീട്ടമ്മയുടെ ഒന്നരപ്പവന്റെ താലിമാല കവര്‍ന്നു. കൊല്ലം കടുവാത്തോട് ചെളിക്കുഴി തേക്കുംകാട്ടിലിടം ഗീതാകുമാരി(52)യുടെ മാലയാണ് ഇന്നലെ രാവിലെ 7.40 ന് ഏഴംകുളം പട്ടാഴി മുക്കിനടുത്തുള്ള കനാല്‍ പാലത്തിന് സമീപം വച്ച് ബൈക്കില്‍ എത്തിയവര്‍ കവര്‍ന്നത്.
നീല നിറത്തിലുള്ള ബജാജ് പള്‍സര്‍ ബൈക്കില്‍ എത്തിയ രണ്ടുപേരില്‍ പുറകിലിരുന്നയാള്‍ നടന്നുവന്ന ശേഷം മാല പൊട്ടിച്ചു ഇതേ ബൈക്കില്‍ കയറി കനാല്‍ റോഡ് വഴി ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു.
വീട്ടുജോലി ചെയ്യുന്നതിനായി പട്ടാഴി മുക്കില്‍ ബസ് ഇറങ്ങി നടന്നു പോകുന്ന വഴിയാണ് സംഭവം. താലി സഹിതം ഒന്നര പവനാണ് മാലയുടെ തൂക്കം. അടൂര്‍ പൊലീസ് കേസ് എടുത്തു.