മസ്‌കറ്റ്: ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രതികൂല കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. രാജ്യത്തെ നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റകളിലാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്.
30 മില്ലീമീറ്റര്‍ മുതല്‍ 120 മില്ലീമീറ്റര്‍ വരെയുള്ള തീവ്രതയില്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ പലയിടങ്ങളിലും ഇത് മിന്നല്‍ പ്രളയങ്ങള്‍ക്കും (Flash fled) കാരണമാവുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം തന്നെ അല്‍ ദാഹിറ, അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും വിവിധ തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുമുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച 15 മുതല്‍ 45 നോട്‌സ് വരെ (മണിക്കൂറില്‍ 28 മുതല്‍ 85 കിലോമീറ്റര്‍ വരെ) വേഗത്തില്‍ ശക്തമായ കാറ്റ് ഉണ്ടായേക്കും. ഒമാന്‍ തീരത്തും മുസന്ദം ഗവര്‍ണറേറ്റിലും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലുള്ള നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ അറിയിച്ചിരിക്കുകയാണ്. കനത്ത മഴയുള്ള സമയത്ത് റോഡിലെ ദൂരക്കാഴ്ചാ പരിധി കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂന മര്‍ദം കാരണമായി സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂന്ന് ദിവസം കൂടി നിലനില്‍ക്കാനാണ് സാധ്യത.