ചന്ദ്രശേഖരന്‍ സിന്നത്തമ്പി കോന്നി പൊലീസിനും പ്രതാപ് സിങിനും പറഞ്ഞു ഒരു പെരിയ നന്ദി: മലേഷ്യന്‍ സ്വദേശിക്ക് മടക്കി നല്‍കിയത് പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ്

0 second read
Comments Off on ചന്ദ്രശേഖരന്‍ സിന്നത്തമ്പി കോന്നി പൊലീസിനും പ്രതാപ് സിങിനും പറഞ്ഞു ഒരു പെരിയ നന്ദി: മലേഷ്യന്‍ സ്വദേശിക്ക് മടക്കി നല്‍കിയത് പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ്
0

കോന്നി: ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ വന്ന മലേഷ്യന്‍ സ്വദേശി ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേ കോന്നിയിലെ ഹോട്ടലില്‍ മറന്നു വച്ചത് എടിഎം കാര്‍ഡും പാസ്‌പോര്‍ട്ടും പണവുമടങ്ങുന്ന് ബാഗ്. പൊലീസും ഹോട്ടലുടമയും ഏറെ പണിപ്പെട്ട് ഇയാളെ കണ്ടെത്തി ബാഗ് കൈമാറി. മലേഷ്യന്‍ സ്വദേശി ചന്ദ്രശേഖരന്‍ സിന്നത്തമ്പി മടങ്ങിയത് മനം നിറഞ്ഞ്.

മലേഷ്യയില്‍ നിന്ന് മൂന്നു സുഹൃത്തുക്കളുമൊത്ത് ക്ഷേത്രദര്‍ശനം നടത്തുന്നതിന് വേണ്ടി വന്നതാണ് ചന്ദ്രശേഖരന്‍. മലേഷ്യയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ്. തമിഴ്‌നാട്ടുകാരായ ഇദ്ദേഹത്തിന്റെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ താമസമാക്കിയതാണ്. വേളാങ്കണ്ണിയില്‍ നിന്ന് ടാക്‌സി വിളിച്ച് പാലക്കാട്ടേക്ക് പോകുന്ന വഴി കോന്നി വകയാറുള്ള കാര്‍ത്തിക ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് ബാഗ് മറന്നു വച്ചത്. ചൊവ്വ രാത്രി ഒമ്പതു മണിയോടെ ഹോട്ടല്‍ അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് ടാക്‌സി കാറില്‍ നാലുപേരടങ്ങുന്ന സംഘമെത്തിയത്. ടാക്‌സി ഡ്രൈവര്‍ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള വഴി ഹോട്ടല്‍ ഉടമ പ്രതാപ് സിംഗിനോട് ചോദിച്ചു മനസ്സിലാക്കി. ഇവര്‍ ഭക്ഷണം കഴിച്ചു പോയിക്കഴിഞ്ഞാണ് കസേരയിലിരുന്ന ബാഗ് പ്രതാപ് സിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഓടി റോഡിലിറങ്ങി നോക്കുമ്പോഴേക്കും കാര്‍ കടന്നുപോയിരുന്നു. നമ്പര്‍ പൂര്‍ണമായും മനസ്സിലാക്കാനായില്ല. എങ്കിലും ഓര്‍മയില്‍ തെളിഞ്ഞ നമ്പര്‍ ഊഹിച്ചെടുത്ത് പത്തനംതിട്ട, കോന്നി പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ച് വിവരമറിയിച്ചു. ഓട്ടോ പിടിച്ച് സ്‌റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ അപ്പോള്‍ തന്നെ ബാഗ് തുറന്ന് പരിശോധിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തി. നടപടി എടുക്കാന്‍ എസ്.ഐ രവീന്ദ്രനെ ചുമതലപ്പെടുത്തി. ബാഗില്‍ പണം കൂടാതെ പാസ്‌പോര്‍ട്ട്, വിസ, വിമാനടിക്കറ്റ്, എ ടി എം കാര്‍ഡുകള്‍, പഴയൊരു ഫോണ്‍, 18,000 രൂപ എന്നിവയുമുണ്ടായിരുന്നു.

എസ്.ഐ മലേഷ്യയിലെ സുഹൃത്ത് സതീഷ്, മുമ്പ് അവിടുത്തെ മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട് ഫോണില്‍ നിന്ന് കിട്ടിയ നമ്പരുകളും മറ്റ് വിവരങ്ങളും അറിയിക്കുകയും അവര്‍ അവിടുത്തെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയും ചെയ്തു. ഫോണില്‍ കണ്ട നമ്പരുകളില്‍ പോലീസ് ഉദ്യോഗസ്ഥരും താനും വിളിച്ചതായി പ്രതാപ് സിംഗ് പറഞ്ഞു, പക്ഷെ പ്രയോജനമുണ്ടായില്ല. ഹോട്ടല്‍ അസോസിയേഷനുകളുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിവരം സിംഗ് കൈമാറുകയും ചെയ്തു.

ക്ഷേത്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൂടെയുള്ള സുഹൃത്തുക്കളെ, എസ്‌ഐ വിളിച്ചറിയിച്ച ആളുകള്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന്, ബാഗിന്റെ ഉടമ കോന്നി പോലീസ് സ്‌റ്റേഷനിലെത്തി ഏറ്റുവാങ്ങുകയായിരുന്നു. ഇദ്ദേഹവും സംഘവും സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, വിവരം എസ്‌ഐ അറിയിച്ചത് അനുസരിച്ച് ഹോട്ടലുടമയുമെത്തി. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവരാജന്റെ നേതൃത്വത്തില്‍ ബാഗ് കൈമാറി. എസ് ഐ രവീന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, അജീഷ്, രാജേഷ്, സര്‍വദീന്‍, പ്രേമോദ് എന്നിവരും സന്നിഹിതരായിരുന്നു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …