കണ്ടക്ടറെ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയിലിട്ട് ഇടിച്ചു ഇഞ്ചപ്പരുവമാക്കി: കുറ്റാരോപണ മെമ്മോയില്‍ അക്കമിട്ട് നിരത്തി വീഴ്ചകള്‍: എന്നിട്ടും ലോ ഓഫീസറെ കെ-സ്വിഫ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജരാക്കി കെഎസ്ആര്‍ടിസി

0 second read
Comments Off on കണ്ടക്ടറെ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയിലിട്ട് ഇടിച്ചു ഇഞ്ചപ്പരുവമാക്കി: കുറ്റാരോപണ മെമ്മോയില്‍ അക്കമിട്ട് നിരത്തി വീഴ്ചകള്‍: എന്നിട്ടും ലോ ഓഫീസറെ കെ-സ്വിഫ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജരാക്കി കെഎസ്ആര്‍ടിസി
0

പത്തനംതിട്ട: ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് കണ്ടക്ടറെ ഇടിമുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച സംഭവത്തില്‍ കുറ്റാരോപണ മെമ്മോ ലഭിച്ച ഉദ്യോഗസ്ഥന് കെസ്വിഫ്റ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതല നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ ചീഫ് ലോ ഓഫീസര്‍ ആയിരുന്ന ഡി. ഷിബുകുമാറിനെയാണ് പുതിയ തട്ടകത്തില്‍ നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17 ന് പമ്പ ബസ് സ്‌റ്റേഷനില്‍ വച്ചാണ് കുറ്റാരോപണ മെമ്മോയ്ക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ കുളനട തുമ്പമണ്‍ താഴം പുഴുക്കുന്നില്‍ പിഎന്‍ സന്തോഷിനെ(49)യാണ് പമ്പ സ്‌പെഷല്‍ ഓഫീസര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ബന്ദിയാക്കി മര്‍ദിച്ചത്. രാത്രി എട്ടു മണിയോടെ തുടങ്ങിയ മര്‍ദനം പുലര്‍ച്ചെ വരെ നീണ്ടു നിന്നു.

പമ്പ സ്‌പെഷല്‍ സര്‍വീസിന്റെ ഭാഗമായി ചെങ്ങന്നൂര്‍ പൂളില്‍ നിന്നുള്ള ബസിലാണ് സന്തോഷ് ഡ്യൂട്ടി ചെയ്തിരുന്നത്. ചെങ്ങന്നൂരില്‍ നിന്ന് വന്ന വാഹനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിലയ്ക്കല്‍ ഡിപ്പോയില്‍ നിര്‍ത്തി. ഇതിനിടെ ബസിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ അയ്യപ്പന്മാര്‍ മൂത്രശങ്ക തീര്‍ക്കാന്‍ ഇറങ്ങിപ്പോയി. ഇവിടെ ബസ് ഒരു മിനിറ്റില്‍ കൂടുതല്‍ നിര്‍ത്താന്‍ പാടില്ലെന്നാണ് ചട്ടം. ബസ് എടുത്തു കൊണ്ട് വേഗം സ്ഥലം വിടാന്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. കണ്ടക്ടറും െ്രെഡവറും ബസ് വിടാന്‍ തുനിഞ്ഞപ്പോള്‍ യാത്രക്കാര്‍ ബഹളം കൂട്ടി. ഇറങ്ങിപ്പോയവര്‍ തിരിച്ചു വരാതെ ബസ് വിടരുതെന്നായിരുന്നു അവരുടെ ആവശ്യം.

യാത്രക്കാര്‍ ഇറങ്ങിപ്പോയതിന്റെ പേരില്‍ കണ്ടക്ടറും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുമായി വാക്കേറ്റം നടന്നു. അല്‍പ്പം താമസിച്ചാണ് ബസ് പുറപ്പെട്ടത്. പമ്പയില്‍ ബസ് എത്തിയ ശേഷം കണ്ടക്ടര്‍ സന്തോഷ് വേ ബില്ലും പണവുമായി അവിടുത്തെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ബിനുവിന്റെ അടുത്തു ചെന്നെങ്കിലും അദ്ദേഹം ഇത് സ്വീകരിച്ചില്ല. എസ്ഓയെ കണ്ടിട്ടു വരാന്‍ ആവശ്യപ്പെട്ടു. സന്തോഷ് ചെല്ലുമ്പോള്‍ എസ്ഓ ഷിബു റൂമിലുണ്ടായിരുന്നില്ല. പിന്നീട് വന്ന ഇദ്ദേഹം സന്തോഷിനോട് തട്ടിക്കയറുകയായിരുന്നു. നിലയ്ക്കലിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവരങ്ങള്‍ കൊടുത്തതാണ് ഷിബുവിന്റെ പ്രകോപനത്തിന് കാരണമായത്. യഥാര്‍ഥ സംഭവം സന്തോഷ് പറഞ്ഞെങ്കിലും ഷിബു കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, കേട്ടാലറയ്ക്കുന്ന തരത്തില്‍ അസഭ്യം വിളിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ തന്തയ്ക്ക് വിളിച്ചപ്പോള്‍ നിയന്ത്രണം വിട്ട സന്തോഷ് ഷിബുവിനെ കൈയേറ്റം ചെയ്തു. ഇതോടെ ഷിബു തനിക്കൊപ്പമുണ്ടായിരുന്ന നാലു െ്രെഡവര്‍മാരെ വിളിച്ചു വരുത്തി സന്തോഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഒരു മുറിക്കുള്ളിലേക്ക് കയറ്റിയിട്ടിട്ടായിരുന്നു മര്‍ദനം. പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാലു പേര്‍ കാവലും നിന്നു. ഷിബുവാകട്ടെ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം രാത്രി തന്നെ സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി. മര്‍ദനമേറ്റ് അവശനായ സന്തോഷിനെ മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ നാലംഗ സംഘം കാവല്‍ നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസ് സ്ഥലത്ത് ചെന്നപ്പോള്‍ സന്തോഷിനെ കുറ്റക്കാരനാക്കുന്ന രീതിയിലാണ് അവിടെയുള്ളവര്‍ കഥ മെനഞ്ഞത്. വേബില്ലും പണവും സ്വീകരിക്കാന്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ തയാറുമായിരുന്നില്ല. വേ ബില്‍ കിട്ടിയില്ലെന്ന് പറഞ്ഞ് സന്തോഷിനെതിരേ കള്ളക്കേസ് എടുക്കാനുള്ള നീക്കമാണ് നടന്നത്. അന്വേഷണത്തില്‍ സംഭവത്തിന്റെ വസ്തുത പിടികിട്ടിയ പൊലീസ് വേ ബില്ലും പണവും സ്വീകരിക്കാന്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ അതിന് തയാറാകുന്നില്ലെങ്കില്‍ മഹസര്‍ എഴുതി പൊലീസ് കൈപ്പറ്റുമെന്നും അറിയിച്ചു. ഇതോടെ പണവും വേബില്ലും ഇന്‍സ്‌പെക്ടര്‍ കൈപ്പറ്റി.

തുടര്‍ന്ന് പൊലീസ് ജീപ്പില്‍ സന്തോഷിനെ പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

ഷിബുവിന് കൊടുത്ത കുറ്റാരോപണ മെമ്മോയില്‍ പറയുന്നത് ഇങ്ങനെ

1. 17.08.2022 ല്‍ പമ്പ ബസ് സ്‌റ്റേഷനില്‍ വച്ച് കണ്ടക്ടറുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു
2. അവശനിലയിലായ ജീവനക്കാരന് ആവശ്യമായ ചികില്‍സാ സൗകര്യം നിഷേധിച്ചു
3. അധികാര ദുര്‍വിനിയോഗം നടത്തി
4. പൊതുജനമധ്യത്തില്‍ കോര്‍പ്പറേഷന്റെ അന്തസിന് കളങ്കം വരുത്തി
5. ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവും

പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൃത്യമായി നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കി. ശബരിമല നട തുറന്നിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പമ്പ സ്‌പെഷല്‍ ഓഫീസറായി വരുന്ന ഷിബുവിനെ കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ വ്യാപക പരാതിയാണുള്ളത്. തന്റെ ഗുണ്ടാസംഘമായി പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാരെ ഇയാള്‍ ഈ സമയം ഒപ്പം കൂട്ടും. തനിക്കെതിരേ ആരെങ്കിലും പറഞ്ഞാല്‍ കൈകാര്യം ചെയ്യുന്നതിനാണ് സ്വന്തം ഗുണ്ടാ സംഘത്തെ ഇറക്കിയിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …