അടൂര്‍: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 60 ലക്ഷം തട്ടിയ കേസില്‍ വന്‍ റാക്കറ്റിന്റെ ഭാഗമായ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബിഹാര്‍ പറ്റ്ന ഫുല്‍വാരി ഗര്‍ദ്ദാനിബാഗ് അനിസാബാദ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മൗലാനാ ആസാദ് എന്‍ജിനീയറിങ് കോളേജിന് എതിര്‍വശം അലി നഗര്‍ 219 ല്‍ നിന്നും ഇപ്പോള്‍ തമിഴ്നാട് കന്യാകുമാരി തക്കല മൂളച്ചല്‍ എന്ന സ്ഥലത്ത് ഗാര്‍ഡന്‍വിളൈ 15/1831 ല്‍ താമസിക്കുന്ന റൈനാള്‍ഡ് ടി ജേക്കബി (23 )നെയാണ് തക്കലയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പറക്കോട് സ്വദേശിയുടെ പരാതി പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. മാവേലിക്കര സ്വദേശിയായ സ്റ്റീഫന്‍ എന്നയാള്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചു. തുടര്‍ന്ന് കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയി. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പവും അല്ലാതെയും വാടകവീടുകളിലും മറ്റും മാറി മാറി താമസിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു. സമാന കേസുകളില്‍ ഇവര്‍ക്കെതിരെ പന്തളം, പാല, തൃശൂര്‍ വെസ്റ്റ്, മഹാരാഷ്ര്ട, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഉള്ളതായും തട്ടിപ്പിനുപിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി ആര്.ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ അംഗങ്ങളായ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ എം. മനീഷ്, അനില്‍ കുമാര്‍, സി.പി.ഓമാരായ അന്‍സാജു, സുഡാഷ് എന്നിവര്‍ ചേര്‍ന്നാണ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.