അടൂര്‍: മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും വാചാലനായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പിണറായി വിജയന്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ ചമഞ്ഞത്.
ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടു. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ പകപോക്കല്‍ നടപടികള്‍ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ബിബിസി നിര്‍ബന്ധിതരായത് എന്നാണ് വാര്‍ത്ത.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വരുതിയിലാക്കി വക്കാന്‍ എക്കാലവും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ത്യ കണ്ട അതേ ലക്ഷണമാണ് ബി.ജെ പി ഭരണത്തില്‍ നിലവില്‍ കാണുന്നതും. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവര്‍ക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയില്‍ വന്നില്ലെങ്കില്‍ അവയെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്.
അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ ബിബിസിയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായത് എല്ലാവര്‍ക്കും അറിയാമല്ലോ. അന്നത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐകെ ഗുജ്‌റാളിനെ മാറ്റിയതും ചരിത്രമാണ്. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്കിങ് തുടര്‍ച്ചയായി താഴുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ 2023ലെ റിപ്പോര്‍ട്ട് അനുസരിച്ച്, മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളില്‍ 150ല്‍ നിന്ന് 161ലേക്ക് ഇടിഞ്ഞു.
കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിച്ചു. നിര്‍ഭയത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തി. ആ നിലയാണ് രാജ്യത്ത് ഉണ്ടായത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.
കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും അത്തരം വേട്ടയാടല്‍ ഉണ്ടായിട്ടുണ്ട്. ഒരനുഭവം നോക്കാം. 2020 ജനുവരി മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോര്‍ട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസന്‍സ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതില്‍ ഒരു ചാനല്‍ തങ്ങളുടെ ഡല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നില്‍ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനല്‍ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസന്‍സ് പുനസ്ഥാപിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ആരൊക്കെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു മുന്നോട്ടുവന്നു?
2022 ജൂലൈ 4 ന് കോഴിക്കോട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിമര്‍ശിക്കപ്പെട്ടപ്പോള്‍, ‘മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു’ യോഗം എന്നാണ് അതില്‍ പങ്കെടുത്ത മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യം വവന്നപ്പോള്‍, ‘വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അവബോധം നല്‍കാനാണ് യോഗം വിളിച്ച’ തെന്നായിരുന്നു അനുരാഗ് താക്കൂറിന്റെ മറുപടി. ബിജെപി ഭരണത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാര്‍ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ് എന്നതാണ് ബി ബി സി യുടെ അനുഭവം ഓര്‍മ്മപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.