
ചെറുകോല്‍പ്പുഴ: ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും അടക്കമുള്ള നവോഥാന നായകന്മാര്‍ പാകിയ അടിത്തറയിലാണ് ഇന്നത്തെ കേരളം പടുത്തുയര്‍ത്തിയിരിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 111-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജ രാജ വര്‍മ്മക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുമറ്റൂര്‍ രാജ രാജ വര്‍മ്മയെപ്പോലെ ഒരു ഭാഷാ പണ്ഡിതന് പുരസ്‌കാരം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അയിരൂര്‍ ഹിന്ദുമത പരിഷത്തിലും ശിവഗിരി തീര്‍ഥാടനത്തിലുമെല്ലാം ആത്മീയതക്കൊപ്പം തന്നെ ഭൗതികമായ അഭിവൃദ്ധിയെപ്പറ്റിയും ചര്‍ച്ച ചെയ്യന്നുണ്ട്. ഭാരതത്തിന്റെ ഭാഷാ വൈവിധ്യം അഭിമാനമായാണ് കേന്ദ്ര ഗവണ്‍മെന്റ് കാണുന്നതെന്നു കോടതികളില്‍ പ്രദേശിക ഭാഷക്ക് പ്രാധാന്യം നല്‍കുന്നത് നീതി തേടിയെത്തുന്ന സാധാരണക്കാരന് ആത്മവിശ്വാസം നല്‍കും എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ കോടതികളില്‍ ഇന്നും വൈദേശിക ഭാഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മ്മ ആപ്തവാക്യമാണ് ജി 20 സമ്മേളനത്തിന് മുന്നില്‍ നാം വയ്ക്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി സ്വാമി ശ്രീ ശ്രീ ശ്രീ ത്രിദണ്ഡി ചെന്തലക്കര, ചമ്പക മന്നാര്‍ഗുഡി പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഞായര്‍ ഇന്ന് പകല്‍ 11 ന് കൊല്ലം പത്മന ആശ്രമത്തില്‍ നിന്നും ആരംഭിച്ച വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്രയും ഛായാചിത്രം, പതാക എന്നിവയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകളും പുതിയകാവ് ദേവീക്ഷേത്രത്തില്‍ സംഗമിച്ച് ചെറുകോല്‍പ്പുഴയിലെത്തി ചേര്‍ന്നതോടെ ഹിന്ദുമത സമ്മേളനത്തിന് തുടക്കമായി.
വൈകിട്ട് മൂന്നിന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എം.എല്‍.എ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ആധ്യാത്മിക പ്രഭാഷണങ്ങള്‍, ആചാര്യ സംഗമം, മാതൃസംഗമം, മതപാഠശാല തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. ഫെബ്രുവരി 12 ന് സമ്മേളനം സമാപിക്കും.