തെങ്ങമത്ത് ചായക്കടയിലെ സംഘട്ടനം: 10 പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

0 second read
Comments Off on തെങ്ങമത്ത് ചായക്കടയിലെ സംഘട്ടനം: 10 പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
0

അടൂര്‍: തെങ്ങമത്ത് രണ്ടിന് രാത്രി എട്ടരയോടെ ചായക്കടയില്‍ നടന്ന അക്രമസംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ്. പരുക്കേറ്റ യുവാക്കള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹന്‍ (28) എന്നിവര്‍ക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.

അഭിരാജിന്റെ അനുജന്റെ ബൈക്കില്‍ ഇയാളും സുഹൃത്ത് വിഷ്ണു മോഹനും എടക്കാട് നിന്നും തെങ്ങമത്തേക്ക് യാത്ര ചെയ്യവേ, കൊല്ലായ്ക്കല്‍ മീന്‍ ചന്തയ്ക്ക് വച്ചു മുന്നില്‍ പോയ മോട്ടോര്‍ സൈക്കിള്‍ റോഡിനു മധ്യത്തില്‍ നിര്‍ത്തിയശേഷം മദ്യലഹരിയിലായിരുന്ന മൂന്നുപേര്‍ ഇവരെ ചോദ്യം ചെയ്തു. മോട്ടോര്‍ സൈക്കിളിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ അഭിരാജ് പകര്‍ത്തി. പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നപ്പോള്‍ മേക്കുന്നുമുകള്‍ പമ്പിനു സമീപം വച്ച് വിഷ്ണുവിന് ഫോണ്‍ കാള്‍ വരികയും ഇയാള്‍ സംസാരിച്ചു കൊണ്ടു നിന്നപ്പോള്‍ നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവര്‍ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്ന് അഭിരാജിന്റെ കവിളത്ത് അടിക്കുകയും മൂവരും ചേര്‍ന്ന് യുവാക്കളെ മര്‍ദ്ദിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകള്‍ ഓടിയെത്തി പിടിച്ചുമാറ്റി. അഭിരാജും വിഷ്ണുവും മേക്കുന്നുമുകള്‍ പമ്പിനടുത്തുള്ള എം.എം കഫേയില്‍ ചായ കുടിക്കുമ്പോള്‍ നാലു മോട്ടോര്‍ സൈക്കിളുകളിലായി മുമ്പ് മര്‍ദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

കടയ്ക്കുള്ളില്‍ ഓടിക്കയറിയ യുവാക്കളെ അക്രമികള്‍ വളഞ്ഞിട്ട് തല്ലി. ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവ കൊണ്ടായിരുന്നു ആക്രമണം. വീണപ്പോള്‍ അഭിരാജിന്റെ കഴുത്തില്‍ മുറിവേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് എല്ലാവരും ചേര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കടയിലെ സാധനങ്ങളും നശിപ്പിച്ചു, തുടര്‍ന്ന് അക്രമികള്‍ ബൈക്കുകളില്‍ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തലയിലും കഴുത്തിലും മുറിവേറ്റ യുവാക്കള്‍ ചികിത്സയിലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Load More Related Articles
Comments are closed.

Check Also

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ…