ആറന്മുള: സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കളളവോട്ട് ആരോപിച്ച് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം. ചേരി തിരിഞ്ഞ് പോര്‍വിളിച്ച എല്‍.ഡി.എഫ്. യുഡി.എഫ് പ്രവര്‍ത്തകരെ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ വിരട്ടിയോടിച്ചു.
രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ പോളിങ് സമാധാന പരമായിരുന്നു. ഉച്ചയോടെയാണ് വ്യാപക കള്ളവോട്ട് അരങ്ങേറിയത്. ഇരുകൂട്ടരും ചേരിതിരിഞ്ഞതോടെ സിപിഎമ്മുകാര്‍ റോഡ് ഉപരോധിച്ചു. ഈ സമയത്താണ് ഡിവൈ.എസ്.പി ശക്തമായ നിലപാട് സ്വീകരിച്ചത്. ഡിവൈ.എസ്.പി രോഷാകുലനായതോടെ റോഡില്‍ കുത്തിയിരുന്ന സിപിഎമ്മുകാര്‍ എഴുന്നേറ്റ് മാറി.
മറ്റ് പല സ്ഥലത്തും നടത്തിയതു പോലെ സിപിഎം ഇവിടെയും വ്യാപകമായി കളളവോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതിനായി സഹകരണ വകുപ്പിലെ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ മാത്രമാണ് പോളിങ് സ്‌റ്റേഷനില്‍ ഇരുത്തിയത്. പൊലീസും ഇവര്‍ക്ക് ഒത്താശ ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പത്തനംതിട്ട, കൈപ്പട്ടൂര്‍ സഹകരണ ബാങ്കുകളില്‍ സിപിഎം വ്യാപക കളളവോട്ട് നടത്തിയെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതിരുന്നത് നാണക്കേടായി. ഇതിന്റെ പേരില്‍ കൈപ്പട്ടൂരില്‍ റിട്ടേണിങ് ഓഫീസര്‍ ആയിരുന്ന സഹകരണ വകുപ്പ് കോന്നി അസി. രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് മിനികുമാരിയെ മല്ലപ്പള്ളിയിലെ ഓഡിറ്റ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ആറന്മുളയില്‍ ഒരു കാരണവശാലും വീഴ്ച സംഭവിക്കാതിരിക്കാന്‍ പൊലീസിനെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും സിപിഎം ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പതിവു പോലെ കള്ളവോട്ടിന് കാഴ്ചക്കാരായി നില്‍ക്കുകയാണ് പൊലീസ് ചെയ്തത്.