
കോഴഞ്ചേരി: കടമ്മനിട്ട ആമപ്പാറക്കല്‍ കോളനിയില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏഴു പേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18ന് ഉച്ചയോടെ അയല്‍വാസികളും ബന്ധുക്കളുമായ സനലിനെയും കൂട്ടുകാരനെയും മായക്കണ്ണന്‍ എന്ന് വിളിക്കുന്ന നിതിനും കൂട്ടുകാരും കൂടി പത്തനംതിട്ടയില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. പകരം സനലും കൂട്ടുകാരും നിതിനെ വീട്ടിലെത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു.
ഇതു സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, 22 ന് വൈകിട്ട് നിതിന്റെയും സനലിന്റെയും വീട്ടുകാര്‍ തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടായി. രാത്രി ഏഴു മണിയോടെ സനലിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് നിതിന്റെ കൂട്ടുകാരനായ അനന്തുവിന്റെ വീട് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. പരുക്കു പറ്റിയ അനന്തു പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഇതിന് ശേഷം നിതിനും അനന്തുവും പത്തോളം ആള്‍ക്കാരും ആറോളം ബൈക്കുകളിലായി രാത്രി 11 മണിയോടെ സനലിന്റെ വീട് ആക്രമിച്ചു. പിന്നീട് അനന്തുവിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ സോബിന്റെ വീടിന്റെ ജനല്‍ ചില്ലകളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് കടമ്മനിട്ട സ്വദേശി ബാബു(55), ആമപ്പാറക്കല്‍ മായക്കണ്ണന്‍ എന്ന് വിളിക്കുന്ന നിതിന്‍ പ്രസാദ്(20), ശാന്ത (87), ഇളപ്പുങ്കല്‍ അനന്തു കുമാര്‍(22) എന്നിവരുടെ പരാതി പ്രകാരം നാല് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇരു സംഘങ്ങളിലുമുള്ള നിതിന്‍ പ്രസാദ്, അനന്തു കുമാര്‍, പത്തനംതിട്ട വെട്ടിപ്പുറം തോമച്ചേരിയില്‍ സച്ചിന്‍ സുരേഷ് (20), കടമ്മനിട്ട പൂവണ്ണുമൂട് പ്ലാക്കോട്ടു വീട്ടില്‍ രഞ്ജിത് (30), കടമ്മനിട്ട മാര്‍ത്തോമ പള്ളിക്ക് സമീപം മുളന്തറ വീട്ടില്‍ സോബിന്‍ ബാബു (30), കല്ലേരി മുക്ക് വഴിത്താനത്ത് തടത്തില്‍ വീട്ടില്‍ രാജേഷ് പക്രു (26), ആമപ്പാറക്കല്‍ വീട്ടില്‍ സനല്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തു.
രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേരെയും ആറോളം വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.