പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികില്‍സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരേ സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ വലഞ്ചുഴി കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് ധനകാര്യവകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 വരെ മെഡിസെപ്പില്‍ അംഗമായവരുടെ എണ്ണം 5,50,097 ആണ്.
പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായിട്ടാണ്. കരാറിലെ വിശദാംശങ്ങള്‍ നല്‍കാന്‍ വിവരാവകാശ നിയമത്തിലെ ചട്ടം 8(10(ഇ) പ്രകാരം വിവരാവകാശ ഉദ്യോഗസ്ഥന്‍ തയാറായിട്ടില്ല. ജീവനക്കാരില്‍ നിന്ന് 6000 രൂപയാണ് പ്രതിവര്‍ഷ പ്രീമിയം ആയി വാങ്ങുന്നത്. ഇതില്‍ ജി.എസ്.ടി (18 ശതമാനം) സഹിതം 5664 രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കും. ശേഷിക്കുന്ന 336 രൂപ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി (കറ്റാസ്‌ട്രോഫിക് പാക്കേജ്) മൂന്നു വര്‍ഷത്തേക്ക് നീക്കി വച്ചിരിക്കുന്ന കോര്‍പ്പസ് ഫണ്ട് തീരുന്ന മുറയ്ക്ക് മുറയ്ക്ക് പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെട്ട ചികില്‍സകള്‍ക്ക് തടസം വരാതെ തുടര്‍ ചികിത്സയ്ക്ക് ഉതകുന്ന ഒരു ബഫര്‍ ഫണ്ടായി സൂക്ഷിക്കുന്നുവെന്നാണ് മറുപടി. നിലവില്‍ ഒമ്പതു കോടി രൂപ ഈ ഫണ്ടില്‍ അവശേഷിക്കുന്നു.
പദ്ധതിയില്‍ അംഗങ്ങളായവരുടെ പ്രതിവര്‍ഷ പ്രീമിയം കണക്കാക്കി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്ന ആകെ തുകയില്‍ നിന്നും , ഇന്‍ഷുറന്‍സ് കമ്പനിയാണ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി 35 കോടിയില്‍ കുറയാത്ത തുക (കോര്‍പ്പസ് ഫണ്ട്) അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി (കറ്റാസ്‌ട്രോഫിക് പാക്കേജ്) മൂന്നു വര്‍ഷത്തെ പോളിസി കാലയളവിലേക്ക് മാറ്റി വയ്‌ക്കേണ്ടത്. പദ്ധതി സംബന്ധിച്ച കഴിഞ്ഞ ഫെബ്രുവരി 14 വരെ 325 പരാതികള്‍ ലഭിച്ചു. അതില്‍ 192 എണ്ണം ഇനിയും തീര്‍പ്പാകാനുണ്ടെന്ന് വിവരാവകാശ രേഖ പറയുന്നു.