ശബരിമല: മകരവിളക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ സന്നിധാനത്തും പാണ്ടിത്താവളത്തും അതീവജാഗ്രതയോടെ പത്തനംതിട്ട ജില്ലാ കലക്ടര്‍. അമിത വില ഈടാക്കിയും പഴകിയ ഭക്ഷണവും നല്കി തീര്‍ഥാടകരെ കൊള്ളയടിക്കുന്നത് തടയാന്‍ ജില്ലാ കലക്ടര്‍ എ. ഷിബു നേരിട്ട് രംഗത്തു വരികയായിരുന്നു.
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി തുടര്‍ച്ചയായി രണ്ടാം ദിനമാണ് കലക്ടര്‍ നേരിട്ട് ഇറങ്ങിയത്. സംയുക്ത സ്ക്വാഡ് പരിശോധന സന്നിധാനം, പാണ്ടിത്താവളം എന്നിവിടങ്ങളില്നടന്നു.
ഹോട്ടലുകളിലും കടകളിലും നടത്തിയ പരിശോധനയില്‍ ശുചിത്വമില്ലായ്മ, ഗുണമേന്മയില്ലാത്ത ഭക്ഷണ വിതരണം, അമിത വിലയീടാക്കല്‍ എന്നിവ കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പിഴയൊടുക്കാനുള്ള നോട്ടീസ് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി മൂന്നു കടകള്‍ക്ക് നോട്ടീസ് നല്കി. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കിലാണ് ഭക്ഷ്യവസ്തുക്കള്‍ ഭക്തര്‍ക്ക് ലഭ്യമാകുന്നതെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ പരിശോധന.
സ്റ്റീല്‍ പാത്രങ്ങളില്‍ വില വിവരം രേഖപ്പെടുത്താനും ഹോട്ടലുകളില്‍ ഗ്യാസ് കുറ്റികള്‍ കൂട്ടത്തോടെ വെക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.അന്നദാന മണ്ഡപത്തിലെ പാചകശാലയിലെ ക്രമീകരണങ്ങളൂം ജില്ലാ കലക്ടര്‍ നേരിട്ട് വിലയിരുത്തി.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി പ്രദീപ്, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡും കലക്ടറോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.