
പത്തനംതിട്ട: കിഴക്കന്‍ മലയോര മേഖലയില്‍ മഴ കനത്തു പെയ്യുമ്പോള്‍ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ അപകടാവസ്ഥയില്‍. ഒരു ചെറിയ മഴ പെയ്താല്‍പ്പോലും നിറയുന്ന ബാരേജിന്റെ ഷട്ടറുകള്‍ യഥാസമയം ഉയര്‍ത്താന്‍ വൈകിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഷട്ടറുകളുടെ കാലപ്പഴക്കം മൂലം ഉയര്‍ത്താന്‍ കഴിയില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇടപെട്ടു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരായി സംഭവം വിശദീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മണിയാര്‍ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ മാറ്റി
സ്ഥാപിക്കുന്നതില്‍ ജലസേചന വകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി രണ്ട് വര്‍ഷമാകുമ്പോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകട ഭീഷണി നിലനില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കനത്ത മഴ ഇതു പോലെ തുടര്‍ന്നാല്‍ ബാരേജ് നിറയും. അധികമായുള്ളത് ഒഴുക്കി വിട്ട് ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാന്‍ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്റെയും അവസ്ഥ പരിതാപകരമാണ്. ഒന്നും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തണമെങ്കില്‍ ജീവനക്കാര്‍ പെടാപ്പാട് പെടണം. രണ്ട്, നാല് ഷട്ടറുകള്‍ക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടര്‍ തെന്നിമാറി ഒരു വശത്തേക്ക് പോയി.
തുറക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാന്‍ പ്രളയശേഷം തീരുമാനമെടുത്തതാണ്. ഒടുവില്‍, 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആറു കോടി ചെലവില്‍ കരാര്‍ നല്‍കി. എന്നാല്‍ ഷട്ടര്‍ ഗേറ്റുകള്‍ മണിയാറില്‍ എത്തിച്ചതല്ലാതെ ഒരു പണിയും നടന്നില്ല. വീണ്ടുമൊരു മഴക്കാലമെത്തുമ്പോള്‍ പഴകിയ ഷട്ടറുകള്‍ വച്ചു തന്നെ ഉദ്യോഗസ്ഥര്‍ക്ക് ജലനിരപ്പ് ക്രമീകരിക്കേണ്ട ദുരവസ്ഥ, ഒപ്പം ജനങ്ങളും കടുത്ത ആശങ്കയിലാണ്.
പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മണിയാര്‍ ബാരേജിലേക്ക്, രണ്ട് സ്വകാര്യ ജലവൈദ്യുത പദ്ധതികളിലെ വെള്ളം കൂടി എത്തും. അതിതീവ്രമഴ വന്നാല്‍ അത്ര പെട്ടെന്ന് പഴക്കംചെന്ന ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ പറ്റുമോയെന്നാണ് ആശങ്ക. കരാറെടുത്ത കമ്പനിയെ കൊണ്ട് തന്നെ ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും ഓഗസ്റ്റില്‍ പുതിയ ഷട്ടറുകള്‍ സ്ഥാപിക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം. കരാറുകാരനെ കൊണ്ട് കൃത്യമായി ജോലികള്‍ പൂര്‍ത്തിയാക്കാത്ത ജലസേചന വകുപ്പിന്റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.