പത്തനംതിട്ട: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ഉടന്‍ ശമ്പളം വര്‍ധിപ്പിക്കണമെന്ന് യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു. ദിവസ വേതനം 1500 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, രോഗി നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷമായി നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ എല്ലാത്തരം നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയും പെട്രോളിന്റെയും വില അഞ്ച് വര്‍ഷം കൊണ്ട് ഭീമമായിട്ടാണ് വര്‍ധിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാതെ നഴ്‌സിങ് സമൂഹത്തിനും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നോട്ട് പോകാനാവില്ല. ഡിമാന്റുകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 15,16, 17 തീയ്യതികളില്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും 72 മണിക്കൂര്‍ പണിമുടക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.
എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് മുഖ്യ പ്രസംഗം നടത്തി. യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ മുക്കത്ത് ബെഹനാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നിധിന്‍ മോന്‍ സണ്ണി, മുകേഷ് എം.പി, അന്‍സു വി.ഏബ്രഹാം, എബിച്ചന്‍ വടക്കതില്‍, പ്രോഗ്രാം കണ്‍വീനര്‍ റെജി ജോണ്‍, ബിബിന്‍ കെ.സജീവ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നായി ആയിരക്കണക്കിന് നഴ്‌സുമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.