ഈ കഴിഞ്ഞ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്‌കൂള്‍ അധ്യയനം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ടി കുറച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതില്‍ ഒന്നാണ് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍. പ്രാസംഗികര്‍ പ്രസംഗ മാമാങ്കം നടത്തരുതെന്നും ഓരോ ചടങ്ങിന്റെയും പ്രാധാന്യമനുസരിച്ച് അതാതു മേഖലകളില്‍ പ്രതിഭകളായ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ഉള്‍പ്പെടുത്തണെമെന്നും ആ ഉത്തരവില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ പല സ്‌കൂളുകളും ഇതൊന്നും കണ്ട മട്ടില്ല. പ്രവേശനോത്സവം മുതലിങ്ങോട്ട് നിരവധി ചടങ്ങുകളാണ് ഓരോ വര്‍ഷങ്ങളിലും സംഘടിപ്പിക്കുന്നത്.പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്‌കൂള്‍ ചടങ്ങുകളില്‍ രാഷ്ട്രീയ നേതാക്കന്മാരും പ്രാദേശിക ഭരണ സാരഥികളും യാതൊരു സങ്കോചവും കൂടാതെയാണ് മുന്നിലിരിക്കുന്ന കുട്ടികളുടെ പ്രായമോ താല്പര്യമോ നോക്കാതെ അവര്‍ നേതൃത്വം കൊടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെയും കഥ വിളമ്പുകയാണ്. പാവം കുട്ടികള്‍.
നമ്മുടെ കുട്ടികളെ ഒന്നടങ്കം ഡോക്ടറോ എന്‍ജിനീയറോ കമ്പ്യൂട്ടര്‍ വിദഗ്ധനോ ആക്കുന്നതിനപ്പുറം കുറച്ചു പേരെയെങ്കിലും നാളത്തെ യേശുദാസോ, ലതാ മാങ്കേഷ്‌കറോ പിടി ഉഷയോ,സഞ്ജു സംസണോ, മിന്നുമണിയോ, രാജാ രവി വര്‍മ്മയോ, ഐ എം വിജയനൊ, എം ടി വാസുദേവന്‍ നായരോ, മാധവികൂട്ടിയോ, സുഗതകുമാരിയോ, സോമനാഥനോ, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിയൊ, ഗോപിനാഥ് മുതുകാടോ, സന്തോഷ് ജോര്‍ജ് കുളങ്ങരയോ ,എം എ യൂസഫ് അലിയോ, മമ്മൂട്ടിയോ,.. ഒക്കെ ആയി മാറ്റെണ്ടേ?
നമ്മുടെ സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെയുള്ള വിവിധ മേളകളില്‍ ആ മേഖലയില്‍ നിന്നുള്ള ഉന്നതരുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ററാക്ട് ചെയ്യാനും അവരുടെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനുമുള്ള വേദിയും അവസരവുമായി മാറ്റണം. അതെന്തേ നമ്മുടെ അധികൃതരും അദ്ധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ക്ക് കൂടി മുന്‍ഗണന കൊടുക്കുന്നില്ല. എല്ലാം പേരിനു വേണ്ടി മാത്രം.
അതിന് ഉതകുന്ന തരത്തില്‍ സ്‌കൂളിലും മറ്റും സാഹചര്യങ്ങള്‍ ഒരുക്കുന്നിടത്തല്ലേ നമ്മുടെ കടമ നിറവേറ്റപ്പെടുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സമീപകാലത്ത് സംസ്ഥാനത്തുടനീളമുള്ള എല്‍ പി / യു പി സ്‌കൂളുകളില്‍ സംഘടിപ്പിച്ച ‘കഥയൂത്സവം’, ‘വരയുത്സവം’ ‘കാവ്യോത്സവം’ തുടങ്ങിയ പ്രോഗ്രാമുകള്‍ അതതു മേഖലകളിലെ പ്രമുഖരെ പുതിയ തലമുറയ്ക്ക് നേരിട്ട് പരിചയപ്പെടുത്തുകയും അതിലൂടെ ആ രംഗത്ത് കഴിവും താല്പര്യവുമുള്ള കുട്ടികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരിക എന്ന മഹനീയ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ അത് നടപ്പാക്കിയ പല സ്‌ക്കൂളുകളും പ്രസ്തുതപരിപാടിയുടെ അടിസ്ഥാനലക്ഷ്യം മറന്ന് പഞ്ചായത്ത് പ്രസിഡന്റിനും മറ്റ് ജനപ്രതിനിധികള്‍ക്കുമൊക്കെ ഉദ്ഘാടനം ചെയ്യാനും രാഷ്ട്രീയ പ്രസംഗം നടത്താനുമുള്ള അവസരമാക്കി മാറ്റി.
സ്‌കൂളുകളില്‍ ജനപ്രതിനിധികള്‍ക്ക് പ്രസംഗിക്കാന്‍ അവസരം കൊടുക്കാന്‍ ബില്‍ഡിങ് ഉദ്ഘാടനമോ വാട്ടര്‍ ടാങ്ക് ഉദ്ഘാടനമോ ശുചിമുറി ഉദ്ഘാടനമോ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റുമായി ബന്ധപ്പെട്ട മറ്റ് എത്രയോ ഉദ്ഘാടനച്ചടങ്ങുകളുണ്ട്. അതായിരുന്നു നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും വിവക്ഷിച്ചത്. കലോത്സവവും സാഹിത്യോത്സവവും വരയുത്സവവും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവുമൊക്കെ
അതതു മേഖലയിലെ പ്രമുഖരെക്കൊണ്ട് നിര്‍വഹിപ്പിക്കുന്നതാണ് അതിന്റെ ഒരു ഔചിത്യവും ശരിയും.
സ്‌കൂള്‍ തല മുതല്‍ സംസ്ഥാനതലം വരെ നടക്കുന്ന വിവിധ മേളകളില്‍ കുട്ടികള്‍ക്ക് പ്രചോദനാത്മകമായ വാക്കുകള്‍ ലഭിക്കുന്ന ഇടങ്ങളായി മാറണം. സ്‌കൂള്‍ കലോത്സവങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ ഒരു കലാകാരനെ വിളിക്കുമ്പോള്‍ അദ്ദേഹം തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ മത്സരയിനങ്ങളില്‍ ചേര്‍ന്ന കഥ മുതല്‍ ഇപ്പോള്‍ താന്‍ എത്തിനില്‍ക്കുന്ന മേഖല വരെ വിവരിക്കുമ്പോള്‍ അവിടെ അതിജീവിച്ച പ്രതിസന്ധികളും വിജയങ്ങളും വിവരിക്കുന്നതിലൂടെ അതില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല.
അതുപോലെതന്നെയാണ് കായിക മത്സരങ്ങളിലും. കായികരംഗത്ത് നേട്ടം കൈവരിച്ച വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ആ മേഖലയില്‍ താല്പര്യമുള്ള കുട്ടികള്‍ അതില്‍ നിന്നും ആവേശം ഉള്‍ക്കൊള്ളും എന്നതിലും തര്‍ക്കമില്ല. അതില്‍ നിന്നും ഒട്ടും മാറ്റമില്ലാത്തതാണ് ശാസ്ത്രമേളകളുടെ ഉദ്ഘാടനങ്ങളും. ശാസ്ത്രമേളകള്‍ സിനിമാ നടി ഉത്ഘാടനം ചെയ്താലുള്ള വിരോധാഭാസം ഒന്ന് ആലോചിച്ചു നോക്കു. ശാസ്ത്ര രംഗത്ത് തിളങ്ങേണ്ട എത്രയോ കുട്ടികള്‍ നമ്മുടെ സ്‌കൂളുകളില്‍ ഉണ്ട്. അത്തരത്തിലുള്ള ആളുകളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ അത്തരം കുട്ടികളില്‍ ഉണ്ടാകുന്ന പ്രചോദനങ്ങളും വളരെ വലുതായിരിക്കും…
എഴുത്ത് :എല്‍ സുഗതന്‍.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍.
എന്റെ കുറിപ്പുകള്‍