
അടൂര്‍: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശില്പികളുടെ കരവിരുതില്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ഓണവില്ല് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് സിന്ധു ഐ.ടി.സി സ്ഥാപകനും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ കെ.ജി. അശോകന്‍. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ പത്മനാഭ സ്വാമിക്ക് ഓണവില്ല് സമര്‍പ്പിക്കുന്നത് ആചാരപരമായ ചടങ്ങാണ്. ക്ഷേത്രത്തില്‍ മുന്‍കൂര്‍ ബുക്ക് ചെയ്താണ് ഇത് വാങ്ങിയത്. വഞ്ചിനാടിന്റെ പ്രതീകമായും ഈ രൂപം കരുതുന്നു. മഹാഗണിയുടെ തടിയാണ് ഓണവില്ല് നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
ശ്രീപത്മനാഭന്റെ വീര ശയനം, ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം, ശ്രീകൃഷ്ണലീല, ശാസ്താവിന്റെ ഭാവങ്ങള്‍, ഗണപതി രൂപം എന്നിവയാണ് വില്ലില്‍ വരച്ചിരിക്കുന്നത്. 10 കൊല്ലം മുന്‍പാണ് കെ.ജി. അശോകന്‍ ഇത് വീട്ടില്‍ എത്തിച്ചത്. ഇവിടത്തെ വീടിനുമുണ്ട് പ്രത്യേകതകള്‍. 150 വര്‍ഷത്തിലേറെ പഴക്കമുള്ള അറയും നിരയുമുള്ള നിലവറയോട് കൂടിയ പഴയ വീട് പൊളിച്ചു കളയാതെ അത് മനോഹരമാക്കി സംരക്ഷിച്ച് വരികയാണ് അശോകന്‍. പഴമയുടെ അടയാളങ്ങളായ സാധനങ്ങളും നമുക്കിവിടെ കാണാം