
പത്തനംതിട്ട: ഹെല്‍പ്പറുടെ ഭര്‍ത്താവ് മദ്യപിച്ച് അംഗന്‍വാടിയിലെത്തി കുട്ടികളുടെ മുന്നില്‍ ഭീതി പരത്തി. ഇതു സംബന്ധിച്ച വര്‍ക്കറുടെ പരാതിയുമായി പോയ രക്ഷാകര്‍തൃ സമിതിയംഗത്തെ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിക്കുകയും പരാതി സ്വീകരിക്കാതെ ഇറക്കി വിടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
ആറന്മുള പഞ്ചായത്ത് ആറാം വാര്‍ഡില്‍ കീച്ചംപറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പമ്പ നിലയ്ക്കല്‍ വെട്ടിക്കല്‍ വീട്ടില്‍ വി.ആര്‍. അരവിന്ദാണ് പരാതിക്കാരന്‍. തിങ്കള്‍ രാവിലെ 10.15 ന് ളാക അമ്പലത്തിന് സമീപമുള്ള ആറന്മുള പഞ്ചായത്ത് 31-ാം നമ്പര്‍ അംഗന്‍വാടിയില്‍ അരവിന്ദ് മൂന്നു വയസുള്ള കുട്ടിയെ കൊണ്ടുവിടാന്‍ ചെല്ലുമ്പോഴാണ് സംഭവം. വര്‍ക്കര്‍ ഓമനകുമാരി കരയുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോള്‍ ഇവിടെ ഹെല്‍പ്പറായി ജോലി ചെയ്യുന്ന മിനിയുടെ ഭര്‍ത്താവ് ആനന്ദന്‍ മദ്യപിച്ച് അംഗന്‍വാടിയില്‍ വന്ന് ബഹളുണ്ടാക്കിയെന്ന് പറഞ്ഞു. ഇയാള്‍ ഇടയ്ക്കിടെ ഈ രീതിയില്‍ ഇവിടെ വന്നു ബഹളം കൂട്ടാറുണ്ട്.
കുഞ്ഞുങ്ങള്‍ ഇത് കണ്ട് പേടിച്ച് കരയുകയും ചെയ്യും. തുടര്‍ന്ന് രക്ഷാകര്‍ത്താവ് എന്ന നിലയില്‍ ഓമന കുമാരിയില്‍ നിന്ന് പരാതി എഴുതി വാങ്ങി താനും ഒപ്പിട്ട് അതുമായി അരവിന്ദ് ആറന്മുള പോലീസ് സ്‌റ്റേഷനില്‍ ചെന്നു. എന്നാല്‍, തന്റെ പരാതി വാങ്ങാന്‍ ഇന്‍സ്‌പെക്ടര്‍ തയാറായില്ല. മോശം വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തുവെന്ന് അരവിന്ദ് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടരന്വേഷണത്തിനായി എസ്.പി പത്തനംതിട്ട ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.