
പത്തനംതിട്ട: ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ അനുമതി പത്രം ഒപ്പിടുവിക്കാന്‍ എത്തിയ ബന്ധുവിനോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി. ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ പീഡിക് സര്‍ജന്‍ എം.ജെ. സുരേഷ് കുമാറിനെതിരേയാണ് പ്രക്കാനം സ്വദേശി പി.കെ. സുനില്‍കുമാര്‍ പരാതി നല്‍കിയത്. സുനില്‍ കുമാറിന്റെ ബന്ധുവായ യുവതി തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി വ്യാഴാഴ്ച വൈകിട്ട് മരിച്ചു.
മൃതദേഹം വെള്ളി രാവിലെ പോസ്റ്റുമോര്‍ട്ടം ചെയ്തു. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ ഡോക്ടറുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇതിനായി സമ്മതപത്രം ഒപ്പിടുവിക്കാന്‍ ഓ.പിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ മറ്റുളളവരുടെ മുന്നില്‍ വച്ച് തട്ടിക്കയറുകയും അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് സുനില്‍കുമാര്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്. ഈ ഡോക്ടര്‍ക്കെതിരേ മുന്‍പും സമാനരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രോഗികള്‍ക്കും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുവിക്കാനും അറ്റസ്റ്റ് ചെയ്യാനും എത്തുന്നവരോട് ഇദ്ദേഹം മോശമായി പെരുമാറുന്നുവെന്നാണ് പരാതി. പലപ്പോഴും സ്ഥിതിഗതികള്‍ സംഘര്‍ഷത്തിന്റെ വക്കിലുമെത്തിയിട്ടുണ്ട്. മറ്റു ഡോക്ടര്‍മാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിട്ടുള്ളത്.