നിലയ്ക്കല്‍: ദേവസ്വം മെസിലെ സ്ഥിരം മെനുവിനെതിരേ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ രംഗത്ത്. ഇവിടെ നിന്ന് നല്‍കുന്ന ഭക്ഷണം വളരെ മോശമാണെന്നാണ് പരാതി. ഇതോടെ മെസ് ജീവനക്കാരുമായി കലഹവും പതിവായി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാര്‍ക്ക് പുറമേ ശുചീകരണ തൊഴിലാളികള്‍, പാര്‍ട്ട്‌ടൈം ജീവനക്കാര്‍ എന്നിവരടക്കം രണ്ടായിരത്തോളം പേരാണ് ദേവസ്വം മെസില്‍ നിന്ന് ദിവസേന ഭക്ഷണം കഴിക്കുന്നത്.
ഉപ്പുമാവാണ് സ്ഥിരം പ്രഭാതഭക്ഷണം. അതിന് രുചിയില്ലെന്നതാണ് പ്രധാനപ്പെട്ട പരാതി. ഉച്ചയ്ക്കും രാത്രിയിലും കിട്ടുന്ന ഭക്ഷണത്തിനും തീരെ ഗുണനിലവാരമില്ലെന്നാണ് പരാതി. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ദേവസ്വം താല്‍ക്കാലിക ജീവനക്കാരും ദേവസ്വം മെസ് ജീവനക്കാരുമായി തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. മഴയും വെയിലും പൊടിയുമേറ്റ് പ്രതികൂല കാലാവസ്ഥയില്‍ ത്യാഗം സഹിച്ച് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്ല ഭക്ഷണമെങ്കിലും നല്‍കണമെന്നാണ് ആവശ്യം. ഈ രീതിയില്‍ ഭക്ഷണം നല്‍കിയാല്‍ സംഘര്‍ഷം തുടരാനുള്ള സാധ്യതയും ഏറെയാണ്.