കോട്ടയം: ജമ്മുകാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫ്രന്‍സ് പുറത്തിറക്കിയ ദേശവിരുദ്ധ പ്രകടനപത്രികയെ കുറിച്ച് കോണ്‍ഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്‍ഡി മുന്നണിയുടെ ഭാഗമായ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ പ്രകടനപത്രികയെ പറ്റി കോണ്‍ഗ്രസും സിപിഎമ്മും മിണ്ടാത്തത് അപമാനകരമാണെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ഫറൂക്ക് അബ്ദുള്ളയുടെ പാര്‍ട്ടി എടുത്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നിലപാടാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കാശ്മീരിന് ഒരു പ്രത്യേക പതാക കൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്. ദേശീയ പതാക അംഗീകരിക്കില്ലെന്ന വിഘടനവാദ സമീപനമാണിത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പതാകയ്‌ക്കെതിരെ ദേശസ്‌നേഹികള്‍ ജീവന്‍ കൊടുത്തും പൊരുതിയാണ് അതില്ലാതാക്കിയത്. 370ാം വകുപ്പ് എടുത്തുകളയുമെന്നതാണ് മറ്റൊരു വാഗ്ദാനം. പാര്‍ലമെന്റ് പാസാക്കിയ നിയമമാണിത്. ഇതിലൂടെ കാശ്മീരില്‍ സമാധാനവും വികസനവും സാധ്യമായെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന നമ്മുടെ നിലപാടിനെതിരാണ് എന്‍സിയുടെ പ്രകടന പത്രിക. കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന് പറയുന്നത് പാക്കിസ്ഥാനാണ്.
ഇത് ആവര്‍ത്തിക്കുകയാണ് നാഷണല്‍ കോണ്‍ഫ്രസ് ചെയ്യുന്നത്. പാക്കിസ്ഥാനുമായി വ്യാപാര കരാര്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് എടുത്തുകളയുമെന്നാണ് മറ്റൊരു അപകടകരമായ വാഗ്ദാനം. 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമാണ് കാശ്മീരില്‍ സംവരണം നടപ്പായത്. ശങ്കരാചാര്യ ഹില്‍ തപ്‌തൈ സുലൈമാന്‍ ഹില്ലാക്കി മാറ്റുമെന്നും, ഹരി ഹില്ലിന്റെ പേര് കോഹി മസ്താന്‍ എന്നാക്കി മാറ്റുമെന്നും അവര്‍ പറയുന്നു. കാശ്മീരിലെയും ജമ്മുവിലെയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എന്‍.സി കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും ഇന്‍ഡി മുന്നണിയുടെ നേതാവുമായ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം. ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള നീക്കമാണിത്. രാജ്യത്ത് വിധ്വംസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നിലപാട്. നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസും സിപിഎമ്മും മൗനപിന്തുണ നല്‍കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.