പത്തനംതിട്ട: പുന:സംഘടനയുടെ ഭാഗമായി കെ.പി.സി.സി നിര്‍ദേശ പ്രകാരം 10 ബ്ലോക്കുകളിലും കോണ്‍ഗ്രസ് ഭാരവാഹികളെ ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിയമിച്ചു. കെ.പി.സി.സി മുതല്‍ താഴേത്തട്ടില്‍ വരെയുളള മുതിര്‍ന്ന നേതാക്കള്‍ ഞെട്ടി. പലരെയും ഇവരൊന്നും കണ്ടിട്ടു കൂടിയില്ല. ലിസ്റ്റിലെ പേര് കണ്ടിട്ടും പരിചയമില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവരും ലിസ്റ്റില്‍ കടന്നു കൂടിയെന്നാണ് ആക്ഷേപം.
ഭാരവാഹികളെ അംഗീകരിക്കുന്നു. പക്ഷേ, ഇവരുടെ വീട്ടില്‍ ചെല്ലാനുളള ഗൂഗിള്‍ മാപ്പ് കൂടി അയച്ചു തരണമെന്നായിരുന്നു ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ പ്രതികരണം. ജംബാ കമ്മറ്റി ഒഴിവാക്കുന്ന തരത്തിലുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
എട്ടു വൈസ് പ്രസിഡന്റുമാര്‍, 28 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിങ്ങനെയാണ് ഭാരവാഹികളെ നിയമിച്ചത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ കെ.പി.സി.സി നേരത്തെ നിയമിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാരണമാണ് ഭാരവാഹി നിയമനം വൈകിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കിയ ജില്ല പത്തനംതിട്ടയാണെന്ന് ഡി.സി.സി അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജില്ലയിലെ ആയിരത്തി എണ്‍പതോളം ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചിരുന്നു. മറ്റു പല ജില്ലകളിലും മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടന പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലും ജില്ലയില്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനായത് എല്ലാവരുടെയും സഹകരണം ഉള്ളതു കൊണ്ടാണ്. ഇതില്‍ കെപിസിസി യോഗം അഭിനന്ദിച്ചതായും ഡി.സി.സി അറിയിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളുടെ നിയമനം. എ ഗ്രൂപ്പിനെ പാടെ വെട്ടി നിരത്തി കെ.സി. വേണുഗോപാല്‍ പക്ഷത്തിന് മേല്‍ക്കൈ നേടിക്കൊടുക്കുന്ന പട്ടികയാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് പറയുന്നു. പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് പട്ടിക തയാറാക്കിയതെന്നും എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയവര്‍ക്ക് പോലും സ്ഥാനം ലഭിച്ചില്ലെന്നുമാണ് ആക്ഷേപം.