പൊലീസിന്റെയും സിപിഎമ്മിന്റെയും മസില്‍ പവര്‍: മന്ത്രിഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നിലൂടെ ഓട വളഞ്ഞു പുളഞ്ഞു തന്നെ പോകും: എതിര്‍ത്ത കോണ്‍ഗ്രസുകാരെ തൂക്കി അകത്തിട്ടു

0 second read
Comments Off on പൊലീസിന്റെയും സിപിഎമ്മിന്റെയും മസില്‍ പവര്‍: മന്ത്രിഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നിലൂടെ ഓട വളഞ്ഞു പുളഞ്ഞു തന്നെ പോകും: എതിര്‍ത്ത കോണ്‍ഗ്രസുകാരെ തൂക്കി അകത്തിട്ടു
0

പത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂര്‍ പാതയുടെ നവീകരണത്തോട് അനുബന്ധിച്ച് ഓട നിര്‍മാണത്തില്‍ തര്‍ക്കം നിലനിന്നിരുന്ന സ്ഥലത്ത് കൈയൂക്കിന്റെ പിന്‍ബലത്തില്‍ നിര്‍മാണം പുനരാരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലാണ് വളച്ചൊടിച്ച് ഓട നിര്‍മാണം ആരംഭിച്ചത്. വന്‍ പൊലീസ സംഘവും ഡിവൈഎഫ്‌ഐ നേതാക്കളും സുരക്ഷയൊരുക്കി. എതിര്‍പ്പുമായി വന്ന കോണ്‍ഗ്രസ് നേതാക്കളെ തൂക്കി അകത്താക്കി.

വെള്ളിയാഴ്ച രാവിലെയാണ് സകല ധാരണകളും കാറ്റില്‍പ്പറത്തി ബലം പ്രയോഗിച്ച് ഓട നിര്‍മാണം പൊലീസ സാന്നിധ്യത്തില്‍ തുടങ്ങിയത്. വിവാദമായിരിക്കുന്ന ഭാഗം ഒഴിച്ച് ഓട നിര്‍മാണം പുനരാരംഭിക്കുന്നതിന് സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. തര്‍ക്ക സ്ഥലം ഇന്ന് രാവിലെ കെആര്‍എഫ്ബി ചീഫ് എന്‍ജിനീയര്‍ സന്ദശിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

എന്നാല്‍, തികച്ചും നാടകീയമായി ഓട നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു. വരുമെന്ന് പറഞ്ഞ ചീഫ് എന്‍ജിനീയര്‍ എത്തിയില്ല. പകരം ഡിവൈഎഫ്‌ഐക്കാരും പൊലീസും സുരക്ഷ ഒരുക്കി. തടസപ്പെടുത്താന്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ തര്‍ക്കമായി.   ഓടനിര്‍മ്മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്ു നീക്കി.  തര്‍ക്കം പരിഹരിക്കാതെയും ഓടയുടെ വളവ് മാറ്റാതെയും പണികള്‍ അനുവദിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനെതിരേ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് രംഗത്തു വന്നു. ഇത് സംഘര്‍ഷത്തിനും ഇടയാക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ  ഭര്‍ത്താവ്  ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ തര്‍ക്കത്തിലുള്ള  ഓടയുടെ പണികള്‍ ഒഴിച്ച് ബാക്കി ഭാഗത്തെ പണികള്‍ നടത്താനാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേത്യത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് വിപരീതമായി വെള്ളിയാഴ്ച രാവിലെ തര്‍ക്ക സ്ഥലത്ത് പണികള്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഓടയുടെ അലൈന്‍മെന്റ
മാറ്റിയതില്‍ പ്രതിഷേധിച്ച്  നേരത്തെ സ്ഥാപിച്ച കൊടി പൊലീസ് എടുത്തു മാറ്റി പണികള്‍ പുന:രാരംഭിച്ചതോടെയാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി എത്തിയത്.

പണി തടഞ്ഞാല്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞെങ്കിലും നേതാക്കള്‍ പ്രതിഷേധം ശക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും നിയോഗിച്ചിരുന്നു. ഓടയുടെ അലൈന്‍മെന്റ് മാറ്റി പണികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്ു നീക്കി.  ഈ സമയം ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരും സ്ഥലത്ത്
എത്തുകയായിരുന്നു. കോണ്‍ഗ്രസ് വികസനത്തിന് എതിര് നില്‍കുന്നതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ഓട നിര്‍മ്മാണത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭാഗം വെള്ളിയാഴ്ച കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആരും എത്തിയില്ല. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍  മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുമെന്നറിയിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക്
പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, മണ്ഡലം പ്രസിഡന്റ് അനില്‍ കൊച്ചുമൂഴിക്കല്‍, എ.ജി.ശ്രീകുമാര്‍, എ. വിജയന്‍ നായര്‍, ബിജു ഫിലിപ്പ്, അജികുമാര്‍ രണ്ടാംകുറ്റി,  ജിതേഷ്‌കുമാര്‍,  മൂല്ലൂര്‍ സുരേഷ്, ജോസ് പള്ളിവാതുക്കല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.

ഓടയുടെ ഗതി മാറ്റിയതിനെയും മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെ പരസ്യമായി വിമര്‍ശിച്ചും സി.പി.എം ജില്ലാകമ്മിറ്റി അംഗം കൂടിയായ  കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടി കണ്ണുരുട്ടിയതോടെ അദ്ദേഹം പറഞ്ഞതെല്ലാം വിഴുങ്ങി. താന്‍ എന്‍ജിനീയര്‍ അല്ലെന്നും ഡിപിആര്‍ കണ്ടിട്ടില്ലെന്നും പറഞ്ഞാണ് തലയൂരിയത്.  ഓട വിവാദം പ്രദേശത്തെ സി. പി. എമ്മിലും ഭിന്നതയുണ്ടാക്കി. ശ്രീധരന്റെ പരസ്യ പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയത്.  നിലവിലെ അലൈന്‍മെന്റില്‍ അപാകത ഉണ്ടെങ്കില്‍ മാറ്റിയെടുക്കണമെന്നും മറ്റു സ്ഥലങ്ങളില്‍ ഉള്ള വീതി തന്നെ ഇവിടെയും വേണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.  ഇതു പരിഗണിക്കാതെ ഓട വളച്ചു തന്നെ പണിയാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.  സി.പി.ഐ ലോക്കല്‍ കമ്മിറ്റിയും ഓടയുടെ അലൈന്‍മെന്റ് മാറ്റിയത് എതിര്‍ത്തിരുന്നു.

റോഡ് അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് റോഡ് പുറമ്പോക്ക് സ്ഥലങ്ങളും അളന്ന് തിട്ടപ്പെടുത്തല്‍ നടന്നു വരികയാണ്. മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് കോണ്‍ഗ്രസും പരാതിയുമായി എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ്‌ചെയ്തതില്‍  പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10 ന് കൊടുമണ്‍ സ്‌റ്റേഡിയത്തിന് എതിര്‍വശത്ത് ഓട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അനില്‍ കൊച്ചുമൂഴിക്കല്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…