ഔദ്യോഗിക പക്ഷത്തിനെതിരെ വിമതര്‍ക്കൊപ്പം പോലീസും: അയ്യപ്പസോവാ സംഘം പിടിച്ചെടുക്കാന്‍ വിമത നീക്കം; പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവെന്ന് ആക്ഷേപം: സംശയ നിഴലില്‍ സിപിഎം

0 second read
Comments Off on ഔദ്യോഗിക പക്ഷത്തിനെതിരെ വിമതര്‍ക്കൊപ്പം പോലീസും: അയ്യപ്പസോവാ സംഘം പിടിച്ചെടുക്കാന്‍ വിമത നീക്കം; പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവെന്ന് ആക്ഷേപം: സംശയ നിഴലില്‍ സിപിഎം
0

പത്തനംതിട്ട: ഔദ്യോഗിക വിഭാഗത്തെ ബലപ്രയോഗത്തിലൂടെ അട്ടിമറിച്ച് അയ്യപ്പസേവാ സംഘം പിടിച്ചെടുക്കാന്‍ അണിറ നീക്കം. ഇതിന്റെ ഭാഗമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ മീനമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ പമ്പാ ക്യാമ്പ് ഓഫീസ് പിടിച്ചടക്കാന്‍ വിമതര്‍ ശ്രമം നടത്തിയതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ഡി. വിജയകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ കാലങ്ങളായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അഖിലഭാരതഅയ്യപ്പസേവാ സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള വിമത നീക്കം നടക്കുന്നത്.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞെങ്കിലും കൃത്യമായി ഏത് പാര്‍ട്ടിയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സി.പി.എമ്മിന് ഇതിന് പിന്നില്‍ പങ്കുണ്ടെന്നുള്ള ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാളാണ് രഹസ്യമായി വിമതരെ സഹായിക്കുന്നതെന്നാണ് സൂചന. ഔദ്യോഗിക വിഭാഗം ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.

അയ്യപ്പസേവാ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലടി വേലായുധന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 51 പേര്‍ അടങ്ങുന്ന വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ഗോവിന്ദപത്മന് പുതിയ വൈസ് പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കിയിരുന്നു. പിന്നീട് ഈ സ്ഥാനം സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിമതര്‍ തല പൊക്കിയത്. വൈസ് പ്രസിഡന്റായിരുന്ന കൊല്ലം ജനാര്‍ദ്ദനനാണ് ഇതിന് തുടക്കമിട്ടത്. ഇവരുടെ ഭീഷണി ശക്തമായതോടെ ഗോവിന്ദപത്മന്‍ സ്വയം സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്നാണ് തന്നെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് അഡ്വ. ഡി. വിജയകുമാര്‍ അറിയിച്ചു.

മീനമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി വിമതരുടെ വന്‍ സംഘം പമ്പാ, സന്നിധാനം ഓഫീസുകള്‍ പടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 14ന് പുലര്‍ച്ചെ പമ്പയില്‍ എത്തി. ഈ സമയം പമ്പ ക്യാമ്പ് ഓഫീസില്‍ ശബരിമലയുടെ ചുമതല വഹിക്കുന്ന പ്രസാദ് കുഴികാലയും പ്രകാശ് മാട്ടാംഗോട്ടും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഉദ്ദേശ്യം ആറുമണിയോടെ വിമത സംഘം ക്യാമ്പ് ഓഫീസിന് നേരെ ആക്രമണം നടത്തി. ഓഫീസ് മുറി തള്ളി തുറന്ന് അകത്തുകയറിയ സംഘം കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് പ്രസാദ് കുഴിക്കാല ഉണര്‍ന്നപ്പോള്‍ കണ്ടത് മുന്‍ സെക്രട്ടറിയും സേവാസംഘത്തില്‍ നിന്നും പുറത്താക്കിയ വ്യക്തിയുമായ കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കാഴ്ച്ചയാണ്. അരവിന്ദാക്ഷന്‍ കണ്ണൂര്‍, പ്രസാദ് പാലക്കാട് എന്നിവര്‍ അടങ്ങുന്ന പതിനഞ്ചോളം സംഘമാണ് കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. പ്രസാദ് കുഴിക്കാല അവിടെ ഉണ്ടായിരുന്ന ഒരു കസേര ഉപയോഗിച്ച് അക്രമം തുടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചെറുത്തുനില്‍പ്പ് അധികനേരം തുടരാന്‍ കഴിഞ്ഞില്ല. ഓഫീസില്‍ ഉണ്ടായിരുന്ന ഗ്ലാസ് ഡോറുകളും മറ്റും അടിച്ചുടച്ച സംഘം പ്രകാശിനെ മര്‍ദ്ദിച്ച് മുറിയില്‍ നിന്നും പുറത്തേക്ക് തള്ളി. ഓടി അടുത്ത മുറിയില്‍ കയറിയ പ്രസാദ് തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഉപയോഗിച്ച് രംഗം ഷൂട്ടുചെയ്തു. ഇത് കണ്ടതോടെയാണ് അക്രമികള്‍ പിന്മാറിയതെന്ന് പ്രസാദ് കുഴിക്കാല പറഞ്ഞു.

വൈകാതെ വിമത നേതാവ് കൊല്ലം ജനാര്‍ദ്ദനന്‍, സുരേഷ് അടിമാലി തുടങ്ങിയവരും ക്യാമ്പിലെത്തി. ഒപ്പം വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനത്തില്‍ വിമതരുടെ ഒരു പട തന്നെ പമ്പയില്‍ എത്തി ക്യാമ്പ് കൈയേറാന്‍ ശ്രമം നടത്തി.
വിവരമറിഞ്ഞാണ് താന്‍ പമ്പയില്‍ എത്തിയതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പ്രസാദ് കുഴിക്കാലയെ പ്രതിയാക്കാനാണ് നീക്കം നടന്നത്. അയ്യപ്പസേവാ സംഘത്തിന്റെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് വ്യക്തമാക്കാന്‍ മിനിറ്റ്‌സ് ബുക്കും മറ്റ് രേഖകളും ഹാജരാക്കിയിട്ടും പോലീസ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചില്ല. ഇപ്പോഴും വിമതരെ സഹായിക്കാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അഡ്വ. വിജയകുമാര്‍ വ്യക്തമാക്കി.

വിമതരുടെ നീക്കത്തിനെതിരെ ഔദ്യോഗിക വിഭാഗം റാന്നി കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ പമ്പാ ക്യാമ്പ് ഓഫീസ് അടച്ചിട്ട നിലയിലാണ്. അതിനാല്‍ ശബരിമല ഉത്സവത്തിനായി നട തുറക്കുമ്പോള്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന അയ്യപ്പസേവാ സംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഇത്തവണ മുടങ്ങാനാണ് സാധ്യത. മല കയറുമ്പോള്‍ ഹൃദയാഘാതം അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടാകുന്ന ഭക്തരെ സ്ട്രച്ചറില്‍ പമ്പയില്‍ എത്തിക്കുന്നത് അയ്യപ്പസേവാ സംഘമാണ്. എന്നാല്‍ ഈ സേവനങ്ങള്‍ മുടങ്ങിയാല്‍ തീര്‍ഥാടനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ വിജയകുമാറിനൊപ്പം റാന്നി യൂണിയന്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല, സി.കെ.ബാലന്‍, ഷാജി പേഴപറമ്പില്‍ ചെങ്ങന്നൂര്‍ എന്നിവരും പങ്കെടുത്തു.

 

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …