ബാങ്കില്‍ ഈടു വച്ച ആധാരം നഷ്ടപ്പെട്ടു: തിരികെ ചോദിച്ചപ്പോള്‍ കൈമലര്‍ത്തി: ഉടമസ്ഥന് എസ്ബിഐ 3.10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്

0 second read
Comments Off on ബാങ്കില്‍ ഈടു വച്ച ആധാരം നഷ്ടപ്പെട്ടു: തിരികെ ചോദിച്ചപ്പോള്‍ കൈമലര്‍ത്തി: ഉടമസ്ഥന് എസ്ബിഐ 3.10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്
0

പത്തനംതിട്ട: വിദ്യാഭ്യാസ ആവശ്യത്തിന് വായ്പ എടുത്തതിന് ഈടായി നല്‍കിയ ആധാരം കാണാതായ സംഭവത്തില്‍ എസ്്ബിഐ പത്തനംതിട്ട ചീഫ് മാനേജര്‍ 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. വെട്ടിപ്പുറം പുളിക്കല്‍ പി.എസ്.ഈശോ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കമ്മിഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്.

മകന്റെ വിദ്യാഭ്യാസ ആവശ്യത്തിന് സ്വന്തം വസ്തു ഈടു വച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട ശാഖയില്‍ നിന്ന് ഇശോ 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2018 ജൂണ്‍ 21 ന് വായ്പ തിരികെ അടച്ചു. ഈട് നല്‍കിയ പ്രമാണം തിരികെ ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു പോയെന്നും തിരികെ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മാനേജരുടെ മറുപടി. പ്രമാണം തിരികെ കിട്ടുന്നതിന് വേണ്ടിയാണ് ഈശോ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. ഇരുഭാഗത്തിന്റെയും വാദം കമ്മിഷന്‍ കേട്ടു.

പത്തനംതിട്ട റിങ് റോഡ് വികസനത്തിനായി ഹര്‍ജി കക്ഷിയുടെ പണയ വസ്തുവിന്റെ ഒരു ഭാഗം ഗവണ്‍മെന്റ് ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ട് ബാങ്കില്‍ പണയപ്പെടുത്തിയ പ്രമാണം പത്തനംതിട്ട സബ്‌കോടതിയില്‍ നിലവിലുള്്‌ള കേസില്‍ ഹാജരാക്കിയെന്നുമാണ് ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായ വിശദീകരണം. കോടതിയില്‍ നിന്ന് പ്രമാണം നഷ്ടപ്പെട്ടു പോയെന്നും കമ്മിഷനെ അറിയിച്ചു. തങ്ങള്‍ ഈടായി ബാങ്കില്‍ പണയം വച്ച വസ്തുവിലാണ് വീടിരിക്കുന്നതെന്നും ഭാവിയില്‍ ഒറിജിനല്‍ പ്രമാണമില്ലാതെ വസ്തു വില്‍ക്കാനോ വായ്പ എടുക്കാനോ സാധിക്കില്ലെന്നും ഹര്‍ജി കക്ഷി വാദിച്ചു. നഷ്ടപ്പെട്ടു പോയെന്ന് പറയുന്ന പ്രമാണം ആര്‍ക്കെങ്കിലും കിട്ടിയാല്‍ അതു വച്ച് വായ്പ എടുക്കാനും മറ്റും കഴിയുമെന്നും ഹര്‍ജി കക്ഷി വാദിച്ചു. തന്റെ സമ്മതം കൂടാതെയാണ് പ്രമാണം കോടതിക്ക് കൈമാറിയതും അവിടെ നിന്നും നഷ്ടപ്പെട്ടു പോയതുമെന്ന് ഈശോ പറഞ്ഞു.

ഇരുഭാഗത്തിന്റെയും വാദം കേട്ട കമ്മിഷന്‍ ഹര്‍ജിക്കാരന്റെ വാദം ന്യായമാണെന്ന് കണ്ടെത്തി. വായ്പ അടച്ചു തീര്‍ത്താല്‍ ഒറിജിനല്‍ പ്രമാണം കക്ഷിക്കു തിരിച്ചു നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. ഏതു രീതിയില്‍ പ്രമാണം നഷ്ടപ്പെട്ടാലും അതിന്റെ ഉത്തരവാദിത്തം ബാങ്കിനാണ്. ആയതിനാല്‍ എസ്ബിഐ പത്തനംതിട്ട ബ്രാഞ്ച് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവുമുള്‍പ്പെടെ 3.10 ലക്ഷം ഹര്‍ജി കക്ഷിക്ക് നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…