പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ട വീടിന് വാല്യൂവേറ്റര്‍ കണക്കാക്കിയ നഷ്ടപരിഹാരത്തുക നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി. യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി കെട്ടിടം ഉടമയ്ക്ക് 4.17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരവിട്ടു. കോയിപ്രം കുറ്റിക്കാട്ട് കിഴക്കേതില്‍ യോഹന്നാന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്റെ വിധി.
എസ്.ബി.ഐ കുമ്പനാട് ബ്രാഞ്ച് മുഖേനെ ഹൗസിങ് ലോണ്‍ എടുത്താണ് യോഹന്നാന്‍ വര്‍ഗീസ് വീട് നിര്‍മിച്ചത്. ഈ സമയത്ത് വീടിന്റെ സംരക്ഷണത്തിനായി യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുത്തിരുന്നു. പ്രകൃതിക്ഷോഭമോ മറ്റേതെങ്കിലും രീതിയിലോ വീടിന് നാശനഷ്ടം സംഭവിച്ചാല്‍ പരിരക്ഷ കിട്ടുന്നതിന് വേണ്ടിയാണ് ഇന്‍ഷുറന്‍സ് എടുത്തത്. 2018 ലെ മഹാപ്രളയത്തില്‍ വെള്ളം കയറി വീടിന് നാശനഷ്ടം നേരിട്ടു. ഈ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചു. കമ്പനി നിയോഗിച്ച വാല്യുവേറ്റര്‍ വീടിന് 4,43,446 രൂപയുടെ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വീട്ടുടമയ്ക്ക് കമ്പനി നല്‍കിയ നഷ്ടപരിഹാരം വെറും 61,500 രൂപയാണ്. തുക കുറഞ്ഞു പോയ വിവരം ചൂണ്ടിക്കാട്ടിയാണ് യോഹന്നാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
ഇരുകൂട്ടരും കമ്മിഷനില്‍ ഹാജരായി തങ്ങളുടെ വാദങ്ങള്‍ നിരത്തി. വെള്ളപ്പൊക്കത്തില്‍ വീടിനും ഉപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം നേരിട്ടുവെന്നും കമ്പനി നിയോഗിച്ച വിദഗ്ധന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അത് മറച്ചു വച്ചാണ് നാമമാത്രമായ തുക നഷ്ടപരിഹാരം നല്‍കിയിട്ടുള്ളതെന്നും ഗീവര്‍ഗീസ് വാദിച്ചു. പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യമായ കമ്മിഷന്‍ 61,500 രൂപ കുറവാണെന്ന് കണ്ടെത്തി. നാശനഷ്ടങ്ങളുടെ കണക്കില്‍ 3,81,946 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവ് 10,000 രൂപയും ചേര്‍ത്ത് 4.17 ലക്ഷം പരാതിക്കാരന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നാണ് കമ്മിഷന്‍ ഉത്തരവ്.