പത്തനംതിട്ട: കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ സര്‍വീസ് പ്രൊവൈഡറിനെ മാറ്റിയതിന്റെ ചെലവ് ഉപയോക്താവ് വഹിക്കണമെന്ന ആവശ്യം തള്ളി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ഉപയോക്താവിന്റെ പരാതിയില്‍ 30,000 രൂപ കേബിള്‍ ടിവി നെറ്റവര്‍ക്ക് ഉടമ നഷ്ടപരിഹാരം നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. റാന്നി കാര്‍ത്തിക കമ്മ്യൂണിക്കേഷന്‍ മാനേജര്‍ അജയനെതിരെ മറ്റപ്പള്ളി വീട്ടില്‍ എം.ടി മാത്യു ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി.
ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ ഫ്രാഞ്ചൈസി ആയിരുന്നു അജയന്‍. ആ സമയം 1800 രൂപ അടച്ചാണ് ടി.വി. മാത്യു അജയനില്‍ നിന്ന് ഏഷ്യനെറ്റ് കേബിള്‍ കണക്ഷന്‍ എടുത്തത്. പിന്നീട് അജയന്‍ ഏഷ്യാനെറ്റുമായി തെറ്റി. കേരളാ വിഷന്റെ കേബിള്‍ കണക്ഷന്റെ ഫ്രാഞ്ചൈസി എടുക്കുകയും ചെയ്തു. ഇങ്ങനെ വന്നപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ സെറ്റ് ടോപ്പ് ബോക്‌സ് മാറ്റി കേരളാ വിഷന്റേത് വയ്‌ക്കേണ്ടി വന്നു. ഇതിന് 2000 രൂപ അടയ്ക്കാന്‍ മാത്യുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, മാത്യു ഇതിന് തയാറായില്ല. താന്‍ 1800 രൂപ നല്‍കിയെടുത്ത കണക്ഷനാണെന്നും കേബിള്‍ നെറ്റ്‌വര്‍ക്ക് ഉടമ സര്‍വീസ് പ്രൊവൈഡറെ മാറ്റിയത് തന്റെ കുഴപ്പമല്ലെന്നും മാത്യു പറഞ്ഞു. ഇതോടെ മാത്യുവിന്റെ വീട്ടിലെ കേബിള്‍ ടി.വി കണക്ഷന്‍ അജയന്റെ കാര്‍ത്തിക കമ്യൂണിക്കേഷന്‍സ് വിഛേദിക്കുകയായിരുന്നു.
ഇതിനെതിരേയാണ് മാത്യു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. കാര്‍ത്തിക കമ്മ്യൂണിക്കേഷന്റെ മാനേജര്‍ അജയന്‍ തന്നെയാണ് 1,800 രൂപ വാങ്ങിയിട്ട് ഏഷ്യാനെറ്റിന്റെ കേബിള്‍ കണക്ഷന്‍ നല്‍കിയതെന്നും അയാള്‍ ഏഷ്യാനെറ്റുമായി ഉളള ബന്ധം മനഃപൂര്‍വ്വമായി ഉപേക്ഷിച്ച് കേരളാ വിഷനുമായി പുതിയ ബന്ധം സ്ഥാപിച്ചെങ്കില്‍ അതിന്റെ വില ഉപയോക്താക്കള്‍ തരണമെന്നു പറയുന്നതിനെ മാത്യു കമ്മിഷനില്‍ എതിര്‍ത്തു. രണ്ട് കൂട്ടരുടേയും വാദങ്ങളും തെളിവുകളും കേട്ട് കോടതി ഹര്‍ജികക്ഷിയുടെ ഭാഗം ന്യായമാണെന്നു കണ്ടെത്തി. രണ്ടാഴ്ച്ചയ്ക്കകം കേബിള്‍ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. മാത്യുവിന് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും അജയന്‍ നല്‍കണമെന്നും വിധിച്ചു. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.