പത്തനംതിട്ട: കോടതി ജീവനക്കാരിയും കൊച്ചുമകളും മിനി സിവില്‍ സ്‌റ്റേഷനിലെ ലിഫ്ടില്‍ കുടുങ്ങി. ബുധന്‍ രാവിലെ 8.40 നായിരുന്നു സംഭവം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്ന വള്ളിക്കോട് സ്വദേശി ലീലാമ്മ തോമസ് (58), കൊച്ചുമകള്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന ഹൃദ്യ (ആറ്) എന്നിവരാണ് മൂന്നാം നിലയില്‍ കുടുങ്ങിയത്. ലീലാമ്മ രാവിലെ ജോലിക്ക് എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് കൊച്ചു മകളെ സ്‌കൂളില്‍ വിടാനാണ് ഒപ്പം കൂട്ടിയത്.
ഇവര്‍ ഭയന്ന് ബഹളം വക്കുന്നത് കേട്ടാണ് മറ്റു ജീവനക്കാര്‍ ഓടിയെത്തിയത്. അവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഉടന്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. അവര്‍ എത്തി ഇരുവര്‍ക്കും ധൈര്യം നല്‍കി. അല്‍പ സമയത്തെ പരിശ്രമത്തിന് ശേഷമാണ് ലിഫ്ടിന്റെ വാതില്‍ ഭാഗങ്ങള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ച് ഇരുവരെയും പുറത്തെത്തിച്ചത്. പഴയ ലിഫ്ടായതിനാല്‍ ഇടയ്ക്കിടെ തകരാര്‍ സംഭവിക്കുന്നതായി ജീവനക്കാര്‍പറഞ്ഞു.