പത്തനംതിട്ട: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ തീ കൊളുത്താന്‍ ഉപയോഗിച്ചത് മണ്ണെണ്ണയാണെന്ന പരാമര്‍ശമാണ് പ്രതിക്ക് പ്രധാനമായും രക്ഷയായത്. ഇതടക്കം നാലോളം വീഴ്ചകളാണ് കേസ് നടത്തിപ്പില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായത്.
കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ ഈ കേസില്‍ രക്ഷപ്പെട്ടത് പ്രതിയായ ഏഴുമറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് തെള്ളിയൂര്‍ അടിച്ചിനാക്കുഴിയില്‍ സുരേന്ദ്രനാണ്. ഭാര്യ സിന്ധുവിനെ(37) പെട്രോള്‍ ഒഴിച്ച് തീ വച്ചു കൊന്നുവെന്നതായിരുന്നു കേസ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നമ്പര്‍ ഒന്ന് ജയകുമാര്‍ ജോണ്‍ ആണ് സുരേന്ദ്രനെ വെറുതെ വിട്ട് വിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. കെ. രാധാകൃഷ്ണന്, അഡ്വ. സി.വി. ജ്യോതിരാജ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. മനോജും ഹാജരായി.
പോലിസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃത്യവിലോപവും പ്രതിയെ വെറുതെ വിടാന്‍ കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴഞ്ചേരി ഇന്‍സ്പെക്ടര്‍ എം. ദിലീപ്ഖാന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകളാണ് കേസ് പരാജയപ്പെടാന്‍ കാരണമായത്. സമാനമായ മറ്റൊരു സംഭവത്തില്‍ ദിലീപ്ഖാന് തരം താഴ്ത്തപ്പെട്ടിരിക്കുകയാണ്.
ഒറ്റ ദിവസം തന്നെ ഇരയുടെ മൂന്നു മൊഴികള്‍, ദൃക്സാക്ഷിയുടെ തെറ്റായ മൊഴി, ഫോറന്‍സിക് പരിശോധനാ ഫലവും പോലീസ് കുറ്റപത്രവും തമ്മിലുള്ള വ്യത്യാസം, ഇരയെ പരിശോധിച്ച മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തിയ തെറ്റായ തീയതി എന്നിവയാണ് പോലീസിനും പ്രോസിക്യൂഷനും തിരിച്ചടിയായത്.
2013 ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സിന്ധുവും സുരേന്ദ്രനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടു പേരും വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് രണ്ട് പെണ്മക്കളുമുണ്ട്. സുരേന്ദ്രന് മരം വെട്ട് തൊഴിലാളിയാണ്. സിന്ധു ഗള്‍ഫില്‍ ആയ ആയി ജോലി ചെയ്യുന്നു. ഇവര്‍ വിദേശത്തേക്ക് പോകാനിരിക്കുന്നതിന്റെ തലേന്നാണ് സംഭവം നടന്നത്. സിന്ധു വീണ്ടും വിദേശത്തേക്ക് ജോലിക്ക് പോകുന്നത് സുരേന്ദ്രന് താല്പര്യമില്ലായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവര്‍ തമ്മില്‍ വഴക്കും നടന്നു. ഇത്തവണ കൂടി പോയിട്ട് സെപ്റ്റംബറില്‍ മടങ്ങിയെത്താമെന്നായിരുന്നു സിന്ധുവിന്റെ നിലപാട്. എന്നാല്‍, തനിക്ക് ഒരു നേരത്തെ ഭക്ഷണം തേടി അയല്‍വീടുകളില്‍ തെണ്ടി നടക്കാന്‍ വയ്യെന്നായിരുന്നു സുരേന്ദ്രന് പറഞ്ഞിരുന്നത്. ചുറ്റുപാടും താമസിച്ചിരുന്നത് സിന്ധുവിന്റെയും സുരേന്ദ്രന്റെയും ബന്ധുക്കളുമാണ്.
സംഭവം നടക്കുന്നതിന്റെ തലേന്ന് സുരേന്ദ്രന്റെ അനിയന്റെ വിവാഹമായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം വിവാഹത്തിന് പോയി നന്നായി മദ്യപിച്ച് വന്ന സുരേന്ദ്രനും സിന്ധുവുമായി ഗള്‍ഫില്‍ പോകുന്നതിനെ ചൊല്ലി വഴക്കായി. മരം വെട്ട് തൊഴിലാളിയായ സുരേന്ദ്രന് മെഷിന് വാളില്‍ ഉപയോഗിക്കുന്നതിന് പെട്രോളും ഓയിലും വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായപ്പോള്‍ കിടപ്പുമുറിയില്‍ നിന്ന് സിന്ധുവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന് തയാറാകാതെ വന്നപ്പോള്‍ മെഷിനില്‍ ഒഴിക്കാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ കൊണ്ടു വന്ന് സിന്ധുവിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയെന്നും തടസം പിടിക്കാന്‍ വന്ന ഇളയമകളുടെ വയറ്റില്‍ ചവിട്ടിയെന്നും തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സയിലായിരുന്ന സിന്ധു രണ്ടര മാസത്തിന് ശേഷം മരിച്ചുവെന്നുമായിരുന്നു കേസ്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവേ മേയ് 15 നാണ് സിന്ധു മരിക്കുന്നത്. 60 ശതമാനമായിരുന്നു പൊളളല്‍.
പൊലീസിന് മൊത്തം തിരിച്ചടികള്‍
ഒരു ദിവസം തന്നെ ഇരയായ സിന്ധു മൂന്നു തരത്തില്‍ മൊഴി കൊടുത്തതാണ് പൊലീസിന് ആദ്യം നേരിട്ട തിരിച്ചടി. പൊള്ളലേറ്റ സിന്ധുവിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തിയെന്ന് ഡ്യൂട്ടി ഡോക്ടറായ ലക്ഷ്മി നായര്‍ രാജഗോപാല്‍ ഓ.പി ടിക്കറ്റിലെഴുതി. ഒപ്പം ഈ കേസില്‍ നിര്‍ണായകമായ വലിയൊരു തെറ്റും ഡോക്ടര്‍ വരുത്തി. 03.02.2013 ല്‍ നടന്ന സംഭവത്തിന് ഡോക്ടര്‍ എഴുതിയ തീയത് 03.03.2013 എന്നായിരുന്നു. ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെ 3.30 നും നാലിനുമിടയിലാണ് സംഭവം നടന്നത്. 60 ശതമാനത്തോളം പൊളളലേറ്റ സിന്ധു, തടയാന്‍ ശ്രമിച്ച ഇളയ മകള്‍ എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഓ.പി ടിക്കറ്റില്‍ വന്ന തീയതിയിലെ വ്യത്യാസം പിന്നീട് കോടതി രേഖകളില്‍ മുഴുവന്‍ തെറ്റായി ചേര്‍ക്കപ്പെട്ടു. ഈ തീയതി വച്ച് പൊലീസും പ്രോസിക്യൂഷനും വാദിച്ചപ്പോള്‍ പ്രതിഭാഗം അഭിഭാഷകന് ബുദ്ധിപൂര്‍വമായി മൗനം പാലിച്ചു. എന്നാല്‍, കേസ് കേട്ട ജഡ്ജി ഈ തെറ്റ് ഗൗരവമായി എടുത്തു.
സിന്ധുവിന്റെ മൂന്നു മൊഴികള്‍ അതും ഒരേ ദിവസം മൂന്നു തരത്തിലായതും തിരിച്ചടിയായി. കോയിപ്രം പോലീസ് ആണ് കേസ് അന്വേഷിച്ചത്. എസ്ഐയായിരുന്ന എസ്. നൂമാനാണ് എഫ്ഐആര്‍ തയാറാക്കിയത്. മൊഴിയെടുത്തത് സിനീയര്‍ സിപിഓ സികെ വേണു. സിന്ധു ആദ്യം നല്കിയ മൊഴി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കായിരുന്നു. ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നും തടയാന്‍ വന്ന ഇളയമകളെ അടിവയറ്റില്‍ ചവിട്ടിയെന്നും രണ്ടു പേരുടെ ഓ.പി ടിക്കറ്റില്‍ ഡോക്ടര്‍ എഴുതി. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട സിന്ധുവിനെ കണ്ട് കോയിപ്രം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സികെ വേണു എടുത്ത മൊഴിയില്‍ ബെഡ്റൂമില്‍ വച്ച് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സിന്ധു പറഞ്ഞത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തില്‍ കോഴഞ്ചേരി ഇന്‍സ്പെക്ടര്‍ ആയിരുന്ന സഖറിയ മാത്യു കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് അന്ന് തന്നെ സിന്ധുവിന്റെ മരണമൊഴി എടുത്തു. അതില്‍ തിണ്ണയിലെ കട്ടിലില്‍ ഇരിക്കുമ്പോള്‍ സുരേന്ദ്രന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പറഞ്ഞിരുന്നത്.
അബദ്ധത്തില്‍ തീ പടര്‍ന്നതെന്ന് പ്രതിയുടെ മൊഴി
അബദ്ധത്തിലാണ് സിന്ധുവിന് തീ പടര്‍ന്നതെന്നും താന്‍ തന്നെയാണ് അത് അണച്ചതെന്നുമായിരുന്നു പ്രതി സുരേന്ദ്രന്റെ വാദം. സിന്ധു ഗള്‍ഫില്‍ പോകുന്നതിന് എതിരേ ബെഡ്റൂമില്‍ വച്ച് വാക്കേറ്റമുണ്ടായി. അവളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോള്‍ തടിവെട്ടുന്ന മെഷിനില്‍ ഉപയോഗിക്കാന്‍ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് സിന്ധു പാക്ക് ചെയ്ത് വച്ചിരുന്ന ബാഗില്‍ ഒഴിച്ചു. അത് നിലത്തും തെറിച്ച് സിന്ധുവിന്റെ നൈറ്റിയുടെ അടിഭാഗത്തും ജനാല കര്‍ട്ടനിലും വീണു. ഇത്രയുമായപ്പോള്‍ സിന്ധു ഇറങ്ങിപ്പോയി. തുടര്‍ന്ന് താന്‍ കട്ടിലില്‍ കിടന്നു. മദ്യലഹരിയിലായതിനാല്‍ ഉറങ്ങിപ്പോയി. ഇതിനിടെ സിന്ധു വന്ന് അടുത്തു കിടന്നു. പുലര്‍ച്ചെ എണീറ്റ് നോക്കുമ്പോള്‍ സിന്ധു അടുത്ത് കിടക്കുന്നു. അവരെ തള്ളി കട്ടില് നിന്ന് ഇറക്കി വിട്ടു. ശേഷം തലയിണ ക്രാസിയില്‍ ചാരി വച്ച് ഒരു ബീഡി കത്തിച്ച ശേഷം തീപ്പെട്ടിക്കൊള്ളി വലിച്ച് പിന്നിലേക്കെറിഞ്ഞു. ഭും എന്നൊരു ശബ്ദത്തോടെ മുറിയില്‍ തീ പടര്‍ന്നു. നേരത്തേ മുറിയില്‍ ഒഴിച്ച പെട്രോളിനാണ് തീ പിടിച്ചത്. ഇത് സിന്ധുവിന്റെ നൈറ്റിയിലേക്കും പടര്‍ന്നു. താന്‍ തന്നെയാണ് വെള്ളം കൊണ്ട് വന്ന് തീ അണച്ചത്. തുടര്‍ന്ന് ഷീറ്റ് പുതച്ചു. ധരിച്ചിരുന്ന നൈറ്റിയും ഊരിമാറ്റി. പിന്നാലെ ആശുപത്രിയിലുമെത്തിച്ചു. പൊള്ളല്‍ നിസാരമെന്ന് കരുതി. സിന്ധു മരിച്ചപ്പോഴാണ് ഗുരുതരമാണെന്ന് മനസിലായത്.
പൊലീസിനും പ്രോസിക്യൂഷനും പിഴച്ചത് ഇവിടെ…
നാല് വീഴ്ചകളാണ് പൊലീസിനും പ്രോസിക്യൂഷനുമുണ്ടായത്. അതില്‍ ഒന്ന് ഇരയുടെ മൊഴിയായിരുന്നു. ഇര നല്കിയ മൂന്നു തരം മൊഴികള്‍ പ്രതിഭാഗത്തിന് പിടിവള്ളിയായി. ബെഡ്റൂമില്‍ വച്ച് തീ കൊളുത്തിയെന്ന് പൊലീസിന് മൊഴിയും തിണ്ണയിലെ കട്ടിലില്‍ വച്ചാണ് സംഭവമെന്ന് മജിസ്ട്രേറ്റിന് മരണമൊഴിയും കൊടുത്തു. ദൃക്സാക്ഷി മൊഴിയും പൊലീസിന് തിരിച്ചടിയായി. പ്രതി സിന്ധുവിനെ തീ കൊളുത്തുമ്പോള്‍ മുറിയിലെ കര്ട്ടന് തീപിടിച്ചുവെന്നും എന്നാല്‍ ശാസ്ത്രീയ പരിശോധന നടത്തിയവര്‍ കര്‍ട്ടന്റെ ശേഷിച്ച ഭാഗം തറയില്‍ വീണു കിടന്നത് എടുത്തില്ലെന്നും ദൃക്സാക്ഷി മൊഴി കൊടുത്തു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഇളയ മകളുടെ വയറ്റില്‍ പ്രതി ചവിട്ടിയെന്ന പൊലീസിന്റെ വാദം മകള്‍ തന്നെ നിഷേധിച്ചു. പോലീസിന്റെ കുറ്റപത്രത്തില്‍ സിന്ധു ധരിച്ചിരുന്നത് സിന്തറ്റിക് നൈറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, കോട്ടണ്‍ തുണിയെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ടായിരുന്നത്. ആദ്യം ചികില്‍സിച്ച ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ഓ.പി ചീട്ടില്‍ തെറ്റായ രേഖപ്പെടുത്തിയ തീയതിയും തിരിച്ചടിച്ചു.
വണ്‍ ഈസ് ഫ്ളേമബിള്‍ ആന്‍ഡ് അദര്‍ ഈസ് ഇന്‍ഫ്ളേമബിള്‍..
ഈ കേസില്‍ ഏറ്റവും നിര്‍ണായകമായ കെമിക്കല്‍ പരിശോധനാ ഫലമാണ് വിചാരണ നടന്നു കൊണ്ടിരിക്കേ വന്നത്. അതാകട്ടെ സംഭവബഹുലമായിരുന്നു. ഈ കേസില്‍ മഹസര്‍ സാക്ഷിയായിരുന്ന വില്ലേജ് ഓഫീസര്‍ എം. ഷിജു വിചാരണയ്ക്കിടെ മരിച്ചു പോയി. അതിനാല്‍ പ്രധാന സാക്ഷിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം രേഖപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസര്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ കോഴഞ്ചേരി ഇന്‍സ്പെക്ടര്‍ എം. ദിലീപ്ഖാനെ കോടതി വിളിച്ചു വരുത്തി. ദിലീപ് ഖാന് സാക്ഷിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് രാസപരിശോധനാ ഫലം വന്ന കാര്യം കോടതി പറയുന്നത്. അത് രേഖകള്‍ക്കൊപ്പം പരിഗണിക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും അപ്പോള്‍ തന്നെ സമ്മതിക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകന് കെ. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം അഡ്വ. സി.വി. ജ്യോതിരാജ് അപ്പോള്‍
തന്നെ രാസപരിശോധനാഫലം വാങ്ങി നോക്കി. അതിലെ പരാമര്‍ശം കണ്ട് അഭിഭാഷകര്‍ പോലും ഞെട്ടിപ്പോയി. പോലീസ് സമര്‍പ്പിച്ച സാമ്പിള്‍ അനുസരിച്ചുള്ള രാസപരിശോധനാ ഫലത്തില്‍ തീ കൊളുത്താനുപയോഗിച്ചത് മണ്ണെണ്ണ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ സാമ്പിള്‍ ആയി സമര്‍പ്പിച്ച തുണിക്കഷണത്തിലും എന്തിന് മണ്ണില്‍ പോലും മണ്ണെണ്ണയുടെ ഗന്ധമാണെന്നായിരുന്നു രാസപരിശോധാഫലത്തില് പറഞ്ഞിരുന്നത്. കോടതിയുടെ അടുത്ത സിറ്റിങ്ങില്‍ അഡ്വ. രാധാകൃഷ്ണന് ഒറ്റ വാചകം മാത്രമേ പറഞ്ഞുള്ളൂ. വണ്‍ ഈസ് ഫ്ളേമബിള്‍ ആന്‍ഡ് അദര്‍ ഈസ് ഇന്‍ഫ്ളേമബിള്‍. പെട്രോള്‍ തനിയെ കത്തും. മണ്ണെണ്ണയ്ക്ക് കത്താന്‍ എന്തെങ്കിലും മാധ്യമം വേണം.
പെട്രോള്‍ ആയാലും മണ്ണെണ്ണ ആയാലും തീ കത്തിയല്ലേ ആളു മരിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പക്ഷേ, കോടതി മുഖവിലയ്ക്കെടുത്തത് പ്രതിഭാഗത്തെയായിരുന്നു. പ്രതിയെ വെറുതെ വിട്ടു.
പൊലീസ് ശ്രമിച്ചത് തെളിവൊപ്പിക്കാന്‍: ദിലീപ്ഖാന്റേതും ഗുരുതര വീഴ്ചകള്‍
തെളിവൊപ്പിക്കാന്‍ വേണ്ടി പൊലീസ് കളിച്ച നാടകമാണ് കേസ് തള്ളിപ്പോകാന്‍ കാരണമായത്. സാഹചര്യത്തെളിവുകളും ഇരയുടെയും പ്രതിയുടെയും മൊഴികള്‍ അനുസരിച്ച് തീ പിടിച്ചത് പെട്രോള്‍ ഉപയോഗിച്ചതു കൊണ്ടാണ്. എന്നാല്‍ രാസപരിശോധനാ ഫലത്തിന് വേണ്ടി പൊലീസ് നല്കിയ സാമ്പിള്‍ മണ്ണെണ്ണ കലര്‍ന്നതായിരുന്നു. ഒന്നുകില്‍ പൊലീസ് യഥാര്‍ഥ സാമ്പിളുകള്‍ നഷ്ടപ്പെടുത്തി. കേസിന് വേണ്ടി തട്ടിക്കൂട്ടിയ സാമ്പിള്‍ അയച്ചു. അല്ലെങ്കില്‍ മനഃപൂര്‍വം അട്ടിമറി നടത്തി. സാമ്പിളിന്റെ കാര്യം ഒഴിവാക്കിയാല്‍പ്പോലും ഡോക്ടര്‍ എഴുതിയ തെറ്റായ തീയതി പൊലീസ് ശ്രദ്ധിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍. ഈ തീയതി ഡോക്ടറുടെ പുതിയ മൊഴി എടുത്ത് തിരുത്താമായിരുന്നു. അത് വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. കോഴഞ്ചേരി ഇന്‍സ്പെക്ടര്‍ ആയിരുന്ന എം. ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തത്. ഇത്തരം ചെറിയ തെറ്റുകള്‍ പോലും ഈ ഉദ്യോഗസ്ഥന് മുഖവിലയ്ക്കെടുത്തില്ല. പൊലീസിന് പറ്റിയ വീഴ്ച ചൂണ്ടിക്കാണിച്ച് തിരുത്താന്‍ പ്രോസിക്യൂഷനും സാധിച്ചില്ല. പൊലീസും പ്രോസിക്യൂഷനും തെറ്റായ തീയതി വച്ച് കേസ് വാദിച്ചപ്പോള്‍ സമര്‍ഥരായ പ്രതിഭാഗം അതേക്കുറിച്ച് മിണ്ടാതെ ഇരുന്നു. അതാകട്ടെ അവര്‍ക്ക് ഏറ്റവും വലിയ ഗുണവുമായി.