രക്തസാക്ഷിയുടെ പേരില്‍ പാട്ട കുലുക്കാനുള്ള അവസരം സിപിഎമ്മിന് നഷ്ടമായെന്ന് ബിജെപി: അത് രാഷ്ട്രീയ കൊലപാതകമെന്ന് തന്നെ സിപിഎമ്മും ഡിവൈഎഫ്‌ഐ

3 second read
0
0
പത്തനംതിട്ട: റാന്നി-പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ കൊലപാതകത്തിന് രാഷ്ട്രീയ മാനം നല്‍കിയുള്ള പ്രചാരണത്തില്‍ അടിയുറച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും. പ്രതികളില്‍ രണ്ടു പേര്‍ ഡി.വൈ.എഫ്.ഐക്കാരും ഒരാള്‍ സി.ഐ.ടി.യുക്കാരനും ആണെന്നുള്ള പ്രചാരണം വ്യാജമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. നിസാമും ആവര്‍ത്തിച്ചു. അതേ സമയം, സി.പി.എമ്മിന് രക്തസാക്ഷിയുടെ പേരില്‍ പാട്ടകുലുക്കാനുള്ള അവസരം നഷ്ടമായെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതി നിഖിലേഷ് സി.ഐ.ടി.യു പ്രവര്‍ത്തകനും നാലാം പ്രതി സുമിത്ത് ഡി.വൈ.എഫ്.ഐ മഠത്തുംമൂഴി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഏഴാം പ്രതി മിഥുന്‍ മധു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണെന്ന വിവരം പുറത്തു വന്നതോടെയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും വെട്ടിലായത്. ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി നിലപാട് മയപ്പെടുത്തുകയും ചെയ്തു. മിഥുനും സുമിത്തും ഡി.വൈ.എഫ്.ഐയില്‍ നിന്ന് പോയവരാണെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി ബി. നിസാമും രംഗത്തു വന്നു.
പ്രതികള്‍ മുന്‍പ് ഡി.വൈ.എഫ്.ഐയില്‍ ഉണ്ടായിരുന്നവരാണെന്ന് കാര്യം രാജു ഏബ്രഹാം സമ്മതിച്ചു. എന്നാല്‍, സാമൂഹിക വിരുദ്ധരാണെന്ന് മനസിലായപ്പോള്‍ 2023 ല്‍ തന്നെ ഇവരെ പാര്‍ട്ടിയില്‍ നിന്നൊഴിവാക്കി. ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ കൊലപാതകത്തില്‍ നിന്ന് കൈകഴുകാന്‍ സാധിക്കില്ല. ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  രണ്ടോ മൂന്നോ മാസമാണ് അവര്‍ ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചത്. അവരുടെ ക്രിമിനല്‍ പശ്ചാത്തലം കൈവിടാന്‍ അവര്‍ തയാറായില്ല. ഞങ്ങള്‍ അവരെ കൈവിട്ടു. പോലീസ് രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. ഒന്നുകില്‍ രാഷ്ട്രീയ പ്രകടനത്തിനിടെ കൊലപാതകം നടക്കണം. അല്ലെങ്കില്‍ രാഷ്ട്രീയ സംഘട്ടനമാകണം. എങ്കിലേ പോലീസിന് രാഷ്ട്രീയ കൊലപാതകമെന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ജിതിനെ കുത്തിയ വിഷ്ണു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യക്തമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. നിസാം പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ആണെന്ന വ്യാജപ്രചാരണം പ്രതികളെയും ബി.ജെ.പിയേയും സഹായിക്കാനാണ്. ബി.ജെ.പി-ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും ചില ഇടതുപക്ഷ വിരുദ്ധ സാമൂഹ്യമാധ്യമ കൂട്ടായ്മകളിലൂടെയുമാണ് വ്യാജപ്രചാരണം നടത്തുന്നത്.
കേസ് അന്വേഷണം ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളിലേക്ക് എത്തുമെന്ന് ഉറപ്പായപ്പോള്‍ ശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണം നടത്തുന്നത്. ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തും  2021 ഏപ്രിലിലാണ് ബി.ജെ.പി-ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയൊടൊപ്പം എത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന പോസ്റ്റര്‍ 2021 ജൂലൈ മാസത്തിലേത് ആണ്. ഇതിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ്  ഇവര്‍ ഡിവൈഎഫ്‌ഐ ബന്ധം ഉപേക്ഷിച്ചു. ജിതിനും പ്രതികളും സുഹൃത്തുക്കളാണെന്നാണ് മറ്റൊരു പ്രചാരണം. ആര്‍.എസ്.എസ്- ബി.ജെ.പി വിട്ട് നിരവധി ചെറുപ്പക്കാര്‍ നേരിന്റെ പാതയില്‍ എത്തുന്നതില്‍ വിറളിപൂണ്ട് നടത്തിയ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പെരുനാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി എന്‍ വിഷ്ണുവിനെ  മുമ്പും ഇവര്‍ ആക്രമിച്ചിരുന്നു. ആയുധവുമായി കരുതികൂട്ടി എത്തി നടത്തിയ അക്രമം ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം അപലപിക്കുകയാണ്. പ്രതിയുടെ ബന്ധുക്കളുടെ പ്രതികരണങ്ങള്‍ മഹത്വവല്‍ക്കരിച്ച് നല്‍കുന്ന മാധ്യമങ്ങള്‍ പ്രതികളെ സഹായിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ജില്ലാ ട്രഷറര്‍ എം. അനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റയംഗം ജോബി ടി. ഈശോ, പെരുനാട് ബ്ലോക്ക് സെക്രട്ടറി ജയ്‌സണ്‍  എന്നിവര്‍ പറഞ്ഞു.
സി.പി.എമ്മുകാര്‍ തന്നെ മറ്റൊരു സി.പി.എമ്മുകാരനെ കൊലപ്പെടുത്തിയിട്ട് ഇതെല്ലാം ബി.ജെ.പിയാണെന്ന കള്ള പ്രചാരണം നടത്തുകയാണെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. ഇത് ഇവരുടെ പതിവ് ശൈലിയാണ്. ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചിട്ട് അതിന് വേണ്ടി പാട്ട കുലുക്കാമെന്ന് വ്യാമോഹമായിരുന്നു സി.പി.എമ്മിന് ഉണ്ടായിരുന്നത്. അത് ഏതാനും മണിക്കൂറുകള്‍ക്കകം പൊളിഞ്ഞുവെന്നും സൂരജ് പറഞ്ഞു.
Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകള്‍ കലാപ ആഹ്വാനമെന്ന് ബിജെപി: എസ്പിക്ക് പരാതി

പത്തനംതിട്ട: പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പ…